കോട്ടയം: കേരള കോൺഗ്രസിൽ ‘വിപ്പ് തർക്കം’. സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം കേരള കോൺഗ്രസ് (എം) എംഎൽഎമാർക്ക് വിപ്പ് നൽകി. റോഷി അഗസ്റ്റിൽ എംഎൽഎയാണ് അവിശ്വാസപ്രമേയത്തിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകിയത്. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടും റോഷി അഗസ്റ്റിൽ എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു.

അതേസമയം, യുഡിഎഫിനു അനുകൂലമായ നിലപാട് രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ് വിഭാഗവും കേരള കോൺഗ്രസ് (എം) എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസപ്രമേയത്തിൽ സർക്കാരിനെതിരായ നിലപാട് സ്വീകരിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് മോൻസ് ജോസഫാണ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരിക്കുന്നത്.

Read Also: പ്രമേയം അവതരിപ്പിച്ച് ഇറങ്ങിപ്പോകരുത്, വോട്ടെടുപ്പിൽ കൂടി പങ്കെടുക്കണം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് സിപിഎം

ജോസ് വിഭാഗം എംഎൽഎമാർക്ക് യുഡിഎഫും വിപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം, അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ചു വോട്ട് ചെയ്യണം എന്നും വിപ്പിൽ ആവശ്യപ്പെടുന്നു.

തിങ്കളാഴ്‌ചയാണ് നിയമസഭാ സമ്മേളനം. ധനബിൽ പാസാക്കുന്നതിനു വേണ്ടിയാണ് ഒറ്റ ദിവസത്തെ നിയമസഭാ സമ്മേളനം ചേരുന്നത്. അന്നേദിവസം സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക് അഞ്ച് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക. വി.ഡി.സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാകാൻ സാധ്യതയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.