/indian-express-malayalam/media/media_files/uploads/2021/01/P-Sreeramakrishnan.jpg)
തിരുവനന്തപുരം: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരായ പ്രമേയം ഈ മാസം 21 ന് നിയമസഭയിൽ ചർച്ചയ്‌ക്കെടുക്കും. 21ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചത്. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി സ്‌പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഗുരുതരമായ ആരോപണങ്ങളാണ് സ്‌പീക്കർക്കെതിരെയുള്ളതെന്നും അതിനാൽ ശ്രീരാമകൃഷ്‌ണൻ തൽസ്ഥാനത്തുനിന്ന് രാജിവയ്‌ക്കണമെന്നും നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെടും.
നേരത്തെയും സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ നോട്ടീസിന് അനുമതി ലഭിച്ചിരുന്നില്ല.
Read Also: തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കേരള നിയമസഭാ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കുന്നത്. 1982 ല്‍ എ.സി.ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുൻപ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.
സർക്കാരിനു ഭൂരിപക്ഷമുള്ളതിനാൽ സ്‌പീക്കർക്കെതിരായ പ്രമേയം പരാജയപ്പെടും. എങ്കിലും സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പ്രമേയം അവതരിപ്പിക്കാനുള്ള അവസരം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനമായി. ജനുവരി 22 വരെയാണ് സമ്മേളനം നടക്കുക. നേരത്തെ, 28 വരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനം ചുരുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ പ്രതിപക്ഷം പിന്തുണച്ചു.
സ്‌പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ചർച്ചയ്‌ക്ക് വരുമ്പോൾ നിയമസഭയിൽ പ്രത്യേക നടപടിക്രമങ്ങൾ ഉണ്ട്. പ്രമേയം പരിഗണനയ്‌ക്ക് വരുന്ന വേളയിൽ സ്‌പീക്കർ ഡയസില്‍നിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂട്ടത്തേക്ക് വരണം. ഡപ്യൂട്ടി സ്‌പീക്കർ ആയിരിക്കും ഈ സമയത്ത് സഭ നിയന്ത്രിക്കുക. ചര്‍ച്ചയ്‌ക്കൊടുവില്‍ സ്‌പീക്കർക്ക് വ്യക്തിപരമായി തന്റെ വിശദീകരണം നല്‍കാനും അവസരമുണ്ട്. ഇതിനുശേഷം പ്രതിപക്ഷ പ്രമേയം വോട്ടിനിടും. പ്രമേയം പരാജയപ്പെടുന്ന ഘട്ടത്തില്‍ സ്‌പീക്കർക്ക് വീണ്ടും ഡയസിലേക്കെത്തി സഭയെ അഭിസംബോധന ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.