തിരുവനന്തപുരം: അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ വാക്‌പോര്. തനിക്കിതുവരെ അവിശ്വാസപ്രമേയ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. ഈ മാസം 24 നാണ് നിയമസഭാ സമ്മേളനം നടക്കുക. പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസം കൊണ്ടുവന്നാലും ഇപ്പോൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്‌പീക്കർ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസിനു അവതരണാനുമതി നൽകാൻ സാധിക്കൂ എന്ന് സ്‌പീക്കർ വ്യക്തമാക്കി.

സ്‌പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരണമെങ്കില്‍ വിജ്ഞാപനമിറങ്ങി, സമ്മേളനത്തിനു പതിനാല് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. എന്നാൽ, അടിയന്തര സമ്മേളനമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ വിളിച്ചുകൂട്ടിയിരിക്കുന്നത്. മാത്രമല്ല 14 ദിവസം മുൻപ് വിജ്ഞാപനം ഇറങ്ങിയിട്ടുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ചട്ടപ്രകാരം അവിശ്വാസപ്രമേയ നോട്ടീസിനു അനുമതി നൽകാൻ സാധിക്കില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാനാണ് സർക്കാർ നിലപാട്. സര്‍ക്കാരിനെതിരെയോ സ്‌പീക്കർക്കെതിരെയോ ഇതുവരെ അവിശ്വാസത്തിന് നോട്ടീസ് കിട്ടിയിട്ടില്ലെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

Read Also: വാജ്‌പേയിയെ മറികടന്ന് മോദി; ഇനി മുന്നിലുള്ളത് മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ

സ്‌പീക്കർ ഭീരുവിനെ പോലെ പെരുമാറരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു സ്‌പീക്കർ അനുമതി നൽകണം. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോൾ അസാധാരണമായ പ്രമേയത്തിന് അനുമതി നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനു അനുമതി നൽകിയില്ലെങ്കിൽ സഭാ ടിവി ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 24-ന് നിയമസഭാ സമ്മേളനവും ചേരാന്‍ കഴിഞ്ഞ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനിച്ചത്. സ്വർണക്കടത്ത് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ അവിശ്വാസപ്രമേയമെന്ന കടമ്പ തരണം ചെയ്യാൻ സർക്കാരിനു സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.