പയ്യന്നൂര്‍ : രാമന്തളി പഞ്ചായത്തില്‍ ജനങ്ങളുടെ കുടിവെള്ളം മലിനീകരിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യടാങ്ക് നീക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി അറസ്റ്റ്. ഇന്ന് രാവിലേ സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിച്ച അമ്പത്തി അഞ്ചോളം പേരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിനു പുറകെയാണ് നേരത്തെ നൽകിയിരുന്ന ഒരു പരാതിയുടെ പേരിൽ  അഞ്ചുപേര്‍ക്ക് എതിരെ പയ്യന്നൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ​ ഉൾപ്പെടുത്തി  കേസ് എടുത്തത്.

‘ജന ആരോഗ്യ സംരക്ഷണ സമിതി’ എന്നപേരില്‍ സമരം ചെയ്യുന്ന ജനകീയ കമ്മറ്റിയുടെ കണ്‍വീനര്‍ കെപി രാജേന്ദ്രകുമാര്‍, ജോയിന്‍റ് കണ്‍വീനര്‍ സുനില്‍ രാമന്തളി, കെ ടി രതീഷ്‌കുമാര്‍, അരുണ്‍ബാബു കെ എം, വിനോദ്‌കുമാർ കെ കെ എന്നിങ്ങനെ അഞ്ചുപേര്‍ക്ക് എതിരെയാണ്‌ കേസ്. നേരത്തെ ഒരു നാവിക ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പയ്യന്നൂര്‍ പോലീസ് പറഞ്ഞു. “പരാതിക്കാരനായ നാവിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസം, സമരത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയെന്നും  സ്ത്രീകളടക്കം വരുന്ന നാട്ടുകാര്‍ തടയുകയും വാക്‌പോരിന്‍റെയും കയ്യാങ്കളിയുടെ വക്കോളം എത്തുകയും ചെയ്തു. ഇതാണ് കേസിനാസ്പദമായ സംഭവം” എന്ന് സമരപ്രവര്‍ത്തകര്‍ പറയുന്നു. ഐ പി സി 353, 354 വകുപ്പ് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ശക്തി ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സ്ത്രീകളെ അപമാനിക്കുക എന്നിവയ്ക്ക് ചാര്‍ജ് ചെയ്യുന്നതാണ് ഈ വകുപ്പുകള്‍.

നാവികഉദ്യോഗസ്ഥന്‍ കൊടുത്ത പരാതിയില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും. നാവിക ഉദ്യോഗസ്ഥന്‍ പ്രകോപനപരമായി പെരുമാറിയതും പിന്നീട് പരാതി നല്കിയതും നാവിക അക്കാദമിയുടെ താത്പര്യങ്ങളെ സംരക്ഷിക്കാനും സമരത്തെ അടിച്ചമര്‍ത്താനും ആണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
“രാത്രി പതിനൊന്ന് മണി ആയപ്പോഴാണ് രാമന്തളി സെന്‍ററില്‍ പൊതുയോഗത്തിനു ശേഷം സ്ത്രീകളും വൃദ്ധരും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ അടങ്ങുന്ന സംഘം റോഡിന്‍റെ ഓരത്തുകൂടെ മടങ്ങുകയായിരുന്നു. നാവിക അകാദമിയുടെ മുന്നില്‍ എത്തിയപ്പോഴാണ് അതുവഴി വണ്ടിയുമായി വന്ന ഉദ്യോഗസ്ഥന്‍ നിരന്തരം ഹോണടിച്ചുകൊണ്ടിരിക്കുകയും തുടര്‍ന്ന് ജനങ്ങളുടെമേല്‍ വണ്ടി ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ സ്വാഭാവികമായി ജനങ്ങൾ പ്രതികരിച്ചു എന്നത് വാസ്തവമാണ്. അല്ലാതെ വണ്ടിയില്‍ ഉണ്ടായിരുന്നു സ്ത്രീയോട് ഒരാള്‍പോലും കയര്‍ക്കുകയോ ഒരുവിധവും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിട്ടില്ല.”  സമരത്തില്‍ പങ്കെടുക്കുന്ന കൂടുതല്‍പേരും സ്ത്രീകളാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് സമിതി പ്രവർത്തകനായ ഹരീഷ് രാമന്തളി പറഞ്ഞു.

സമരം തുടങ്ങി ഇരുപത് ദിവസം പിന്നിട്ടപ്പോൾ നിരാഹാര സമരവും ആരംഭിച്ചിരുന്നു. നിരാഹാര സമരം മുപ്പതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ് സമരസമിതി ഭാരവാഹികളെ ജാമ്യമില്ലവകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇതുകൊണ്ടൊന്നും സമരം നിര്‍ത്താന്‍ പോവുന്നില്ല എന്ന് ജന ആരോഗ്യ സംരക്ഷണ സമിതി പറയുന്നു. “കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുഞ്ഞ്യളും വയസ്സന്മാരും അടക്കം സമരത്തിന് ഇറങ്ങിയത്. സമരം തൊഴിലാക്കിയവരല്ല ഞങ്ങളാരും. നാവിക അക്കാദമിയുടെ ടാങ്ക് മാറ്റിവെപ്പിക്കുന്നത് വരെ സമരം തുടരുകതന്നെ ചെയ്യും.” ഹരീഷ് തുടര്‍ന്നു.
ഇന്ന് അറസ്റ്റ് വരിച്ച അഞ്ചുപേരെയും നാളെ പതിനൊന്നുമണിയോടെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കുംവരെ റിമാന്‍ഡില്‍ കഴിയേണ്ടതായി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ