ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും യുഡിഎഫിന്റെ അരൂർ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണു കേസ്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്നാണ് കേസിലെ പ്രധാന ആരോപണം. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവൃത്തിയാണു ഷാനിമോൾ ഉസ്മാൻ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു.

Read Also: Gold Rate in Kerala (03 October 2019): സ്വർണവില വീണ്ടും ഉയർന്നു; പവനു 200 രൂപ കൂടി

സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ഷാനിമോൾക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് താൻ പറഞ്ഞതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന പണിയാണ് ഷാനിമോൾ തടഞ്ഞത്. തിരഞ്ഞെടുപ്പ് സമയമായതിനാലും സ്ഥാനാർഥിയായതിനാലും കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് താൻ പറഞ്ഞിട്ടുള്ളതായി സുധാകരൻ വ്യക്തമാക്കി.

അരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഷാനിമോൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിച്ച ഷാനിമോൾ പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി ഷാനിമോൾക്ക് ഒരു അവസരം കൂടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.