തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിജയ് പി നായര്‍ നല്കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി.നായർക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ വീഡിയോ ചെയ്തതെന്ന് വിജയ് പി.നായർ സംഭവശേഷം പറഞ്ഞു.
Read More: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധവും പോലീസ് കേസും
തനിക്ക് പരാതിയില്ലെന്നും താന്‍ ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ മാധ്യമങ്ങളോടും സംഭവ സമയം സ്ഥലത്തെത്തിയ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്.
“വീഡിയോകളിൽ പറയുന്നത് സ്വന്തം അഭിപ്രായമാണ്. അതിൽ അൽപ്പം എരിവും പുളിയും കൂടിപ്പോയി. അത് മനസിലാക്കിയതു കൊണ്ടാണ് അവരോട് മാപ്പ് പറഞ്ഞത്. അവരുടെ വികാരം ഞാൻ മനസിലാക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കാനോ കളിയാക്കാനോ അല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് അവരെ വേദനിപ്പിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു. അതു കൊണ്ട് തന്നെയാണ് ഞാനത് തുറന്നുപറഞ്ഞത്. പരാതിയില്ല” വിജയ് പി.നായർ പറഞ്ഞു.
ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസിനു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഭാഗ്യലക്ഷ്മിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.