ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിന്ദി ഒരു നിർബന്ധ ഭാഷയാക്കണമെന്ന ശുപാര്‍ശ ഉപേക്ഷിക്കാതെ ശരിയായ രീതിയില്‍ അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സർക്കാരിന്റെ വിദ്യാഭ്യാസ നയം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പുതിയ കരടിലാണ് ഹിന്ദി രാജ്യത്തെ എല്ലാ സ്കൂളുകളിലും നിർബന്ധ പാഠ്യ വിഷയമാക്കണമെന്ന ശുപാർശയുള്ളത്.

‘ത്രിഭാഷാ ഫോര്‍മുല ഉപേക്ഷിക്കുക എന്നതല്ല ഇതിനുളള പോംവഴി, പകരം ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടത്,’ ശശി തരൂര്‍ പറഞ്ഞു. 1960കളില്‍ നിലവിലുളള ത്രിഭാഷാ ഫോര്‍മുല ഒരിക്കലും ശരിരായ രീതിയില്‍ നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘നമ്മള്‍ ദക്ഷിണേന്ത്യയില്‍ ഉളളവരില്‍ മിക്കവരും ഹിന്ദി രണ്ടാം ഭാഷയായി പഠിക്കുന്നുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ല,’ തരൂര്‍ പറഞ്ഞു.

Read More: ‘തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല’; കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ എം.കെ സ്റ്റാലിന്‍

അതേസമയം, ശുപാര്‍ശയെ കുറിച്ചുളള ഭീതി അനാവശ്യമാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. കേന്ദ്രത്തിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിട്ടേയുള്ളൂവെന്നും അത് നയമായി മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കു മീതെ ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞതിനു ശേഷം മാത്രമേ ഇത്തരമൊരു നയം നടപ്പാക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് വെള്ളിയാഴ്ചയാണ് മാനവവിഭവ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. മുൻ ഐഎസ്ആർഒ ചെയർമാർ കെ.കസ്തൂരിരംഗനാണ് ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ പ്രസ്തുത ഭാഷ നിർബന്ധ പാഠ്യവിഷയമാക്കണമെന്നാണ് കസ്തൂരിരംഗൻ കമ്മിറ്റിയുടെ നിർദേശം. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഒരു പ്രാദേശിക ഭാഷ പഠിപ്പിക്കാമെന്നും കരടിൽ പറയുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഒരു ആധുനിക ഭാഷയും പഠിപ്പിക്കണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു. എന്നാൽ ഏത് ഭാഷയാണ് ഈ ആധുനിക ഭാഷ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ കരട് നിർദേശത്തെ ശക്തമായി എതിർത്ത് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ രംഗത്തു വന്നിട്ടുണ്ട്. പാർട്ടി പാർലമെന്റിൽ ഈ പ്രശ്നം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടുകാർക്കു മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്ന് ഡിഎംകെ നേതാവ് ടി.ശിവയും പ്രസ്താവിച്ചു. ഇതിനായി എന്ത് പ്രത്യാഘാതവും നേരിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനും ഹിന്ദി അടിച്ചേൽപ്പിക്കൽ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചയാളാണ് താനെന്നും ആ ഭാഷ ഒരു സംസ്ഥാനത്തും അടിച്ചേൽപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കമൽ പറഞ്ഞു. അതേസമയം ഭരണകക്ഷിയായ എഐഎഡിഎംകെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും പ്രതികരണം അറിയിച്ചിട്ടില്ല. TNAgainstHindiImposition, StopHindiImposition എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.