തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു പോയവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയം. ഓരോ മലയാളിയുടേയും ജീവിതത്തില്‍ പ്രളയം സൃഷ്ടിച്ച ആഘാതങ്ങള്‍ ഇന്നും മാഞ്ഞിട്ടില്ല. കേരളത്തെ ആ പ്രളയത്തില്‍ നിന്നും കൈക്കു പിടിച്ച് കരയിലേക്ക് കയറ്റിയത് ഈ നാട്ടിലെ മത്സ്യത്തൊഴിലാളികളായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ പൊലീസിനും മറ്റ് സേനകള്‍ക്കുമൊപ്പം ചേര്‍ന്നു നിന്ന് മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ സൈന്യമായി മാറുകയായിരുന്നു.

കേരളത്തെ പ്രളയത്തില്‍ നിന്നും രക്ഷിച്ചെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നൊബേല്‍ സമ്മാന സമിതിക്ക് കത്തെഴുതിയിരിക്കുകയാണ് ശശി തരൂര്‍ എംപി. തിരുവനന്തപുരത്തു നിന്നുമുള്ള എംപിയായ തരൂര്‍ കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കുമായി നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.

”2019 ലെ നൊബേല്‍ പുരസ്‌കാരത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. സ്വന്തം വീടുകളും പ്രളയത്തില്‍ മുങ്ങുമ്പോഴും അവര്‍ ചിന്തിച്ചത് അപരിചതരെ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു. തങ്ങളുടെ ത്യാഗത്തിന് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയപ്പോള്‍ അവരത് നിരാകരിക്കുകയാണ് ചെയ്തത്. ആ പണവും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കേരളത്തിന്റെ നന്മക്കും മനുഷ്യ ജീവന് രക്ഷിക്കുന്നതിനും അവര്‍ കാണിച്ച അര്‍പ്പണബോധം പ്രശംസിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്” തരൂര്‍ കത്തില്‍ പറയുന്നു.

കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ 65000 പേരെയാണ് രക്ഷിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായിരുന്നു 2018 ഓഗസ്റ്റിലുണ്ടായത്. 488 പേരുടെ ജീവനാണ് ഈ കാലത്ത് മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടമായത്. പ്രളയത്തില്‍ കേരളത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.