തിരുവനന്തപുരം: മികച്ച രീതിയിലുള്ള ആസൂത്രണമാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്സ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘ഭാവി വീക്ഷണത്തോടെ കേരളം’ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“യഥാര്‍ത്ഥ നേട്ടങ്ങളാണ് ഇവിടെയുള്ളത്. പങ്കാളിത്ത ജനാധിപത്യം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസം, ശാസ്ത്രാവബോധം എന്നിവ കേരളത്തിന്‍റെ മാതൃകാപരമായ നേട്ടങ്ങളാണ്. നിര്‍മ്മിതബുദ്ധി വ്യാപകമാകുന്നതോടെ നിരവധി ദൈനംദിന തൊഴിലവസരങ്ങള്‍ ഇല്ലാതാകും. ടൂറിസം, കൃഷി, നിര്‍മ്മാണം എന്നീ മേഖലകളിലാണ് കേരളത്തിന് ഏറെ സാധ്യതയുള്ളത്. കോവിഡ് കാലം കഴിഞ്ഞാല്‍ ടൂറിസം ശക്തമായി തിരികെയെത്തും. കോവിഡിനു ശേഷമുള്ള ലോകത്തിന്‍റെ വ്യത്യസ്തതകള്‍ മനസിലാക്കി വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളം പരിശ്രമിക്കണം,” അദ്ദേഹം പറഞ്ഞു.

Read More: കേരളത്തിൽ തുടർഭരണം, മറ്റിടങ്ങളിൽ ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം: സിപിഎം കേന്ദ്ര കമ്മിറ്റി

പൊതുജനാരോഗ്യത്തില്‍ ഇനിയുമേറെ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ പ്രാധാന്യമാണ് കോവിഡ് പഠിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യിലെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ ആരോഗ്യ വികസന മേഖലയെ ലക്ഷ്യം വച്ച് മൂന്നു കാര്യങ്ങളാണ് നിര്‍ദേശിക്കാനുള്ളത്. കേരളത്തില്‍ വികസനമെത്താത്തതും ദാരിദ്ര്യത്തിലാണ്ടതുമായ പ്രദേശങ്ങളുണ്ട്. അവിടെ വളരെ ദുര്‍ബലരായ ആരോഗ്യസ്ഥിതിയിലുള്ള ആളുകളുണ്ട്. അവിടത്തെ ആരോഗ്യഫലങ്ങള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ വളരെ മോശമാണ്. ഇത് പരിഹരിക്കണം. അതുപോലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാര്യങ്ങളെല്ലാം സുസ്ഥിരമായിരിക്കണം. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ആരോഗ്യ ആഘാതങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനം സജ്ജമായിരിക്കണമെന്നും അവര്‍ നിർദേശിച്ചു.

ത്രിദിന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൗരന്‍മാരുടേയും താല്‍പര്യം സംരക്ഷിക്കുന്ന പുരോഗമന, ആധുനിക സമ്പദ്‌വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളുടേയും കണ്ടെത്തലുകളുടേയും പിന്‍ബലത്തോടെ കേരളത്തെ ശരിയായ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ക്കാണ് കാത്തിരിക്കുന്നത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, അധികാര വികേന്ദ്രീകരണം എന്നിവയിലെ നേട്ടങ്ങളുള്‍ക്കൊണ്ട് വലിയ പരിവര്‍ത്തനത്തിന് കേരളം സജ്ജമാണ്. വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരന്‍മാര്‍ക്ക് സക്രിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം നേടാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook