ന്യൂഡല്‍ഹി: തന്റെ പതിനാറാം പിറന്നാളിനാണു ഹരിത് നോഹയ്ക്ക് സമ്മാനമായി ബൈക്ക് ലഭിക്കുന്നത്. അന്ന് നേരാംവണ്ണം ബൈക്ക് ഓടിക്കാനറിയാത്ത ആ കൗമാരക്കാരന് 12 വര്‍ഷത്തിനിപ്പുറം ബൈക്ക് റേസിങ്ങില്‍ രാജ്യത്തിനു പുറത്തും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
പിറന്നാൾ സമ്മാനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച് ഷൊര്‍ണൂരിലെ തന്റെ വീടിനടുത്തുള്ള നെല്‍വയലില്‍ തുടക്കക്കാര്‍ക്കായി നടത്തിയ അമേച്വര്‍ ബൈക്ക് റേസില്‍ നോഹ പങ്കെടുത്തിരുന്നു. അവസാനമായി ഫിനിഷ് ചെയ്യാനാണു കഴിഞ്ഞത്. എന്നാല്‍, കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ നടന്ന അതീവ ദുഷ്കരമായ ദാകര്‍ റാലി ഈ ഇരുപത്തിയെട്ടുകാരന് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ നേട്ടത്തെ റൈഡര്‍മാര്‍ എവറസ്റ്റ് കീഴടക്കുന്നതിനോടാണ് താരതമ്യപ്പെടുത്താറുള്ളത്. അതീവ ദുര്‍ഘടമായ മണല്‍ കുന്നുകള്‍, പാറക്കെട്ടുകള്‍, താഴ്വരകള്‍ എന്നിവ മറികടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ 7,500 കിലോ മീറ്റര്‍ പിന്നിട്ട നോഹ ഇരുപതാം സ്ഥാനത്തെത്തി. 55 മണിക്കൂറോളം സഞ്ചരിച്ചാണ് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച നേട്ടം നോഹ സ്വന്തമാക്കിയത്.
ആകസ്മികമായാണു ബൈക്ക് റൈഡര്‍ എന്ന സ്വപ്നത്തിലേക്കു നോഹ എത്തിപ്പെട്ടത്. ”പിതാവ് ബൈക്ക് സമ്മാനിച്ചപ്പോള്‍ എനിക്ക് നന്നായി ഓടിക്കാന്‍ അറിയില്ലായിരുന്നു. കൊടൈക്കനാലിലെ ബോര്‍ഡിങ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍. അവധി ദിവസങ്ങളില്‍ ഞാന്‍ പുറത്തിറങ്ങിയിരുന്നു. അടുത്തുള്ള നെല്‍വയലില്‍ ബൈക്കുകളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. റൈഡര്‍മാര്‍ ഒരു മല്‍സരത്തിനായി പരിശീലനം നടത്തുകയായിരുന്നു. റൈഡ് ചെയ്യണോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ വേണമെന്നു പറഞ്ഞു. തൊട്ടടുത്തയാഴ്ച നെല്‍വയലില്‍ നടന്ന മല്‍സരത്തില്‍ ‘തുടക്കക്കാരുടെ വിഭാഗത്തില്‍’ മത്സരിച്ച ഞാന്‍ അവസാനമായാണ് ഫിനിഷ് ചെയ്തത്,” നോഹ പറഞ്ഞു.
ടിവിഎസ് റേസിങ് റൈഡറായ നോഹ, ഈ വര്‍ഷം ദാകറില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കും മുന്‍പ് ഏഴ് സൂപ്പര്‍ക്രോസ് ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി. കഴിഞ്ഞ വര്‍ഷമാണു ദാകറില്‍ ആദ്യമായി നോഹ മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ മൂന്നാം ഘട്ടത്തില്‍ അദ്ദേഹത്തിനു പിന്മാറേണ്ടി വന്നു. ഈ വര്‍ഷം ദാകറില്‍ പങ്കെടുക്കേണ്ടെന്ന് ടിവിഎസ് റേസിങ് തീരുമാനിച്ചിരുന്നു. ഒടുവില്‍, ടിവിഎസ് റേസിങ് വിഭാഗം അദ്ദേഹത്തെ ഷെര്‍കോ റാലി ഫാക്ടറി ടീമിനൊപ്പം സ്വകാര്യ റൈഡറായി സ്പോണ്സര് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ദിശയറിയാനുള്ള പ്രയാസം വളരെ കൂടുതലായിരുന്നുവെന്നും പലതവണ വഴിതെറ്റിയെന്നും നോഹ പറഞ്ഞു. ദാകറിന്റെ രണ്ട് പതിപ്പുകളില്‍ ഷെര്‍കോ ടിവിഎസ് ആര്ടിആര് 450 റാലി മോട്ടോര്‍സൈക്കിളില്‍നിന്ന് എത്ര തവണ തെന്നിയും മറിഞ്ഞും വീണുവെന്ന് നോഹയ്ക്ക് ഓര്‍മയില്ല.
കഴിഞ്ഞ വര്‍ഷം, ഒരു കൂട്ടിയിടിയെത്തുടര്‍ന്ന് ഇടതുകണ്ണ് വീങ്ങിയനിലയിലാണ് അദ്ദേഹം റൈഡ് തുടര്‍ന്നത്. ഈ വര്‍ഷം, നാലാം ഘട്ടത്തില്‍ ബൈക്ക് ഒരു പാറയില്‍ തട്ടി പിന്നിലെ ഇന്ധന ടാങ്ക് തകര്‍ന്നു. കാല്‍മുട്ടിനും താഴെയുള്ള പേശിയ്ക്കും പരുക്കേറ്റ് കടുത്ത വേദനയുമായാണ് അദ്ദേഹം റൈഡ് തുടര്‍ന്നത്. മറ്റ് റൈഡര്മാരില്നിന്ന് ഇന്ധനം കടംവാങ്ങി റൈഡ് പൂര്‍ത്തിയാക്കുകയായിരുന്നു.
പതിനൊന്നാം ഘട്ടത്തില്‍ വഴിതെറ്റിയ അദ്ദേഹം മണല്‍കുന്നുകളില്‍ ചുറ്റിത്തിരിഞ്ഞു. ഒടുവില്‍, ഒട്ടകത്തെ മേയ്ക്കുന്നവരാണ് സഹായികളായത്. അവര്‍, മറ്റു റൈഡര്‍മാര്‍ പോയ വഴി പറഞ്ഞുകൊടുക്കുകയായിരുന്നു.
”ദാകറില്‍ നിങ്ങള്‍ക്ക് കഴിവുകള്‍, ശാരീരികക്ഷമത, മാനസിക കാഠിന്യം, ദിശയറിയാനുള്ള കഴിവുകള്‍ എന്നിവ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നേരത്തെ എഴുന്നേല്‍ക്കേണ്ട ദിവസങ്ങളുണ്ടാവും. ചില ദിവസങ്ങള്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും, ”അദ്ദേഹം പറഞ്ഞു. അതീവ ദുഷ്കരമായ ദൗത്യം പൂര്‍ത്തിയാക്കിയ നോഹ ഇനി പ്രിയപ്പെട്ട മാതാപിതാക്കളെയും മനസിനു സന്തോഷം നല്കുന്ന തന്റെ പ്രിയപ്പെട്ട ഇടവുമാണ് പ്രതീക്ഷിക്കുന്നത്. മൃദുവായ കിടക്കയിൽ ചുരുണ്ടുകൂടി എനിക്കിഷ്ടമുള്ള അത്രയും ഉറങ്ങാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും നോഹ പറഞ്ഞു.

ഹരിത് നോഹയുടെ അമ്മ സൂസന് കെ വി ജര്‍മന്‍കാരിയാണ്. കര്‍ണാടക സംഗീതം പഠിക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറുതുരുത്തിയിലെ കലാമണ്ഡലത്തില്‍ വന്നതായിരുന്നു അവര്‍. ഒരു ദിവസം റൊട്ടി വാങ്ങാന്‍ ഷൊര്‍ണൂര്‍ ടൗണിലെത്തിയ അവര്‍ യാദൃശ്ചികമായാണ് ബേക്കറി ഉടമ മുഹമ്മദ് റാഫി കെ വിയെ കണ്ടുമുട്ടുന്നത്. പിന്നീട് വിവാഹിതരായി ജര്‍മനിയിലേക്കുപോയ ഇരുവരും ഷൊര്‍ണൂരില്‍ തിരിച്ചെത്തുകയായിരുന്നു.
”എന്റെ പിതാവിന് ഷൊര്‍ണൂര്‍ ടൗണില്‍ ബേക്കറിയുണ്ട്. അമ്മ റൊട്ടി വാങ്ങാനായി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ബേക്കറി സന്ദര്‍ശിച്ചപ്പോഴാണ് മാതാപിതാക്കള്‍ ആദ്യമായി കണ്ടത്. തുടര്‍ന്ന് അവര്‍ കുറച്ചുകാലം ജര്‍മനിയിലായിരുന്നു. എനിക്ക് ഏകദേശം രണ്ട് വയസുള്ളപ്പോഴാണു ഞങ്ങള്‍ കേരളത്തിലേക്ക് മടങ്ങിവന്നത്,” നോഹ പറഞ്ഞു.
ഒടിഞ്ഞ തോളെല്ലിനു പകരമായി പിടിപ്പിച്ചിരുന്ന മെറ്റല്‍ പ്ലേറ്റ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത നോഹയ്ക്കു തന്റെ വീടിന്റെ പുറകിലുള്ള ഭാരതപ്പുഴയുടെ തീരത്ത് ബൈക്ക് റൈഡ് ചെയ്യാനാണ് നോഹയുടെ ഇപ്പോഴത്തെ ആഗ്രഹം.
തന്റെ മാതാപിതാക്കള്‍ മനോഹരമായ ഒരു ലോകത്താണ് താമസിക്കുന്നതെന്നു നോഹ പറയുന്നു.
”എന്റെ അമ്മ ചിത്രകാരിയും കൃഷിക്കാരിയുമാണ്. പശുക്കള്‍, നെല്‍വയലുകള്‍, വാഴ, തെങ്ങിന് തോപ്പുകള്‍, പച്ചക്കറികള്‍ എന്നിവ അമ്മ പരിപാലിക്കുന്നു. ഞങ്ങള്‍ അവ വില്‍ക്കുന്നില്ല. ഇത് ഞങ്ങള്‍ക്കും കൃഷിയിൽ ഞങ്ങളെ സഹായിക്കുന്നർക്കും വേണ്ടിയാണ്,” നോഹ പറഞ്ഞു.