തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ഹോസ്റ്റലില്‍നിന്ന് ആയുധശേഖരം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “മഹാരാജാസില്‍ വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് വീട്ടില്‍ പോയ സമയത്ത് ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മഹാരാജാസ് കോളേജ് ക്രിമിനലുകളുടെ താവളമായി മാറിയെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പിടി തോമസ് പറഞ്ഞു. സംഭവത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അക്രമകാരികള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാൽ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്ബര്‍ മുറിയില്‍ നിന്നാണ് വാക്കത്തിയും, കമ്ബിവടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ദൂര ദേശത്തു നിന്നും ഇവിടെ എത്തി പഠിക്കുന്ന കുട്ടികള്‍ക്കായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അനുവദിച്ചു കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികളെ ഈ ഹോസ്റ്റലില്‍ നിന്ന് മാറ്റിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടത്. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ക്യാംപസിലെത്തി ആയുധങ്ങള്‍ കണ്ടുകെട്ടി. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികളും ഈ മുറിയില്‍ താമസിച്ചിരുന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ