കൊച്ചി : മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും  മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ സമരം ചെയ്യുകയാണ് മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍. കളമശ്ശേരിക്കടുത്ത് സോമ എന്റര്‍പ്രൈസിന്‍റെ മെട്രോ യാഡിലെ തൊഴിലാളികള്‍ ചെയ്യുന്ന സമരം ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു.

നാലുമുതല്‍ ആറു മാസം വരെയായി ശമ്പളം ലഭിച്ചിട്ടില്ല എന്നാണ് കൊച്ചി മെട്രോയുടെ നിര്‍മാണത്തിലേര്‍പ്പെട്ട സോമ എന്റര്‍പ്രൈസിന്‍ലെ തൊഴിലാളികള്‍ പരാതിപ്പെടുന്നത്. ഇരുന്നൂറോളം തൊഴിലാളികളാണ് കളമശ്ശേരിക്കടുത്ത എലൂരിലെ മെട്രോ യാഡില്‍ കഴിയുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും അസ്സം, സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്.

നാലു വര്‍ഷത്തോളമായി സോമ എന്റര്‍പ്രൈസസിന്റെ തൊഴിലാളിയാണ് ബിഹാര്‍ സ്വദേശിയാണ് രണ്‍ദീപ് യാദവ്. ” കമ്പനി സ്റ്റാഫായവര്‍ക്ക് ആറുമാസത്തോളവും കരാര്‍ അടിസ്ഥാനത്തില്‍ വന്നവര്‍ക്ക് നാലുമാസത്തോളവുമായി ശമ്പളം ലഭിച്ചിട്ടില്ല.” സോമയുടെ കമ്പനി സ്റ്റാഫായ രണ്‍ദീപ് യാദവ് വിശദീകരിച്ചു. എലൂരിലും കലൂരിലുമായി ഇരുന്നൂറ്റമ്പതോളംപേര്‍ തൊഴിലാളികളാണ് സോമയുടെ കരാറില്‍ മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

വേതനം ആവശ്യപ്പെടുമ്പോഴൊക്കെ ബില്ലു ശരിയായില്ല എന്ന മറുപടിയാണ് കമ്പനി തന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു. “നാളെ ശരിയാവും എന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഇന്നേക്ക് നാലുമാസം പിന്നിട്ടിരിക്കുന്നു.” അസ്സംകാരനായ ബാബ ബഡുവ പറഞ്ഞു. എലൂരിലെ യാഡില്‍ അറുപത് ശതമാനം തൊഴിലാളികളും അസ്സമില്‍ നിന്നുമുള്ളവരാണ്. ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും കമ്പനി നല്‍കുന്നുണ്ട്. യാഡില്‍ തന്നെ ഒരുക്കിയിട്ടുള്ള ടെന്റിലാണ് ഇരുന്നുറോളം  തൊഴിലാളികള്‍ കഴിയുന്നത്.

ദിജിത് ഫുക്കന്‍

രണ്ടുദിവസം മുമ്പാണ്‌ മെട്രോ നിര്‍മാണത്തിനിടയില്‍ തെന്നിവീണ ദിജിത് ഫുക്കന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍റെ കാലൊടിയുന്നത്. ” കമ്പനി തന്നെ ചികിത്സയുടെ ചെലവ് എടുത്തിരുന്നു. എലൂരില്‍ തന്നെയുള്ള സെന്റ്‌ ജോസഫ് ഹോസ്പിറ്റലില്‍ കൊണ്ടുപോയാണ് പ്ലാസ്റ്ററിട്ടത്. ” അസ്സമികളായ ഇരുപത്തിരണ്ടുപേര്‍ തിങ്ങിപ്പാര്‍ക്കുന്ന മുറിയില്‍ വിശ്രമിക്കുന്ന ദിജിത് ഫുക്കന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.

എണ്ണായിരം മുതല്‍ പതിനയ്യായിരം രൂപയാണ് യാഡിലെ തൊഴിലാളികളുടെ ശമ്പളം. ഇതിനുപുറമെ ഭക്ഷണത്തിനായി കരാര്‍ തൊഴിലാളികളുടെ കൈയ്യില്‍ നിന്നും 2400 രൂപയും കമ്പനിയുടെ സ്റ്റാഫായ തൊഴിലാളികളുടെ കൈയ്യില്‍ നിന്നും 2850 രൂപയുമാണ് ഈടാക്കിപോരുന്നത്. ” നാലുമാസമായി ശമ്പളം കിട്ടിയില്ല എന്നത് മാത്രമാണ് കമ്പനിയോടുള്ള പരാതി. ഭക്ഷണവും രോഗചികിത്സയുമൊക്കെ കമ്പനി തന്നെ ഏര്‍പ്പെടുത്തുന്നുണ്ട്. ശമ്പളം കിട്ടാതായതോടെ മാസം നാട്ടിലേക്കയക്കുന്ന പണം അയക്കാന്‍ പറ്റാതായി. ഇതുകാരണം നാട്ടിലുള്ളവര്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്” അസ്സംകാരനായ രാജീവ് പറഞ്ഞു.

തൊഴിലാളികള്‍ സമരത്തിലായത് കൊച്ചി മെട്രോയുടെ തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാധിച്ചിരിക്കുകയാണ്. ശമ്പളം ലഭിക്കാതെ ഇനി തൊഴിലെടുക്കാനാവില്ല എന്നാണ് തൊഴിലാളികളുടെ നിലപാട്. ജിഎസ്‌ടി കാരണമാണ് ശമ്പളം തരാന്‍ സാധിക്കാത്തത് എന്നാണ് കമ്പനി അറിയിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ “ജൂലൈയില്‍ വന്ന ജിഎസ്‌ടി ചൂണ്ടിക്കാണിച്ചുകൊണ്ട് ആറുമാസം ശമ്പളം കൊടുക്കാത്തതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതില്‍ സോമ എന്റര്‍പ്രൈസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ തന്നെയാണ് പ്രധാന കാരണം” കമ്പനിയുമായി ബന്ധപ്പെട്ട ഒരു കരാറുകാരന്‍ ഐഇ മലയാളത്തോട് പറഞ്ഞു.

ഇ ശ്രീധരന്‍ മുഖ്യ ഉപദേശകനായിട്ടുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് ബില്ലുകള്‍ തീര്‍ക്കുന്നതും കമ്പനിയുമായി പണമിടപാട് നടത്തുന്നതും. “ഡിഎംആര്‍സിയുടെ ഭാഗത്തുനിന്നും ഇതുവരെ അനാസ്ഥയൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഓരോ ബില്ലും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പാസാക്കി നല്‍കാറുണ്ട്. കൊച്ചി മെട്രോയിലെ തൊഴിലാളികളുടെ ശമ്പളം വൈകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സോമ എന്റര്‍പ്രൈസിനു തന്നെയാണ്. രേഖകള്‍ കൃത്യമാണ് എങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ ബില്ലുപാസാക്കി നല്‍കും.” ഡിഎംആര്‍സിയുടെ വക്താവായ നാരായണന്‍ പറഞ്ഞു.

സോമ എന്റര്‍പ്രൈസിന്‍റെ മാധ്യമ വക്താക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും ആരെയും ഫോണിൽ ലഭ്യമായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.