തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായി ഉയര്‍ത്തിക്കാട്ടിയിരുന്നു ആഡംബര തീവണ്ടിയായ മഹാരാജാസ് എക്‌സ്പ്രസ്സിന്റെ കേരളത്തിലൂടെയുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തു.
മുബൈയില്‍ നിന്ന് കേരളം തമിഴ്‌നാട് കര്‍ണ്ണാടക എന്നിവടങ്ങളിലൂടെ തിരിച്ച് മുബൈയില്‍ എത്തുന്ന തരത്തില്‍ രണ്ട് പ്രത്യേക ദക്ഷിണേന്ത്യന്‍ പാക്കേജുകളാണ് സര്‍വീസിന്റെ നടത്തിപ്പുകാരായ ഐആര്‍സിടിസി പ്രഖ്യാപിച്ചിരുന്നത്. യാത്രക്കാരുടെ കുറവ് മൂലമാണ് സര്‍വീസ് ഉപേക്ഷിക്കുന്നതിന് കാരണമായി മഹാരാജാസ് എക്‌സ്പ്രസ് പിആര്‍ഒ സന്ദീപ് ദത്ത ഐഇ മലയാളത്തോട് വ്യക്തമാക്കിയത്.

2012-16 കാലയളവില്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ച് തവണ നേടി ആഡംബരത്തിന്റെ അവസാനവാക്കായി മാറിയ വിനോദസഞ്ചാര സര്‍വീസിനാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. മഹാരാജാസ് എക്‌സ്പ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാട്ടായിരുന്നു കേരളം ഉള്‍പ്പെടുത്തിയിരുന്നുത്.

ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ചെട്ടിനാട്, മഹാബലിപുരം, മൈസുരു, ഹംമ്പി വഴി എട്ട് പകലും ഏഴ് രാത്രിയിലുമായി മുബൈയില്‍ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ദ സതേൺ ജ്യൂവല്‍സ് എന്ന പേരില്‍ രണ്ടാമത്തെ സര്‍വീസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഈ പാക്കേജിനോടും വിനോദ സഞ്ചാരികള്‍ വിമുഖത കാട്ടിയതോടെയാണ് രണ്ട് സര്‍വീസുകളും റദ്ദ് ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ജൂണ്‍ 24 ന് മുംബൈയില്‍ നിന്നും ആരംഭിച്ച് ഗോവ, ഹംമ്പി, മൈസുരു, കൊച്ചി, കുമരകം വഴി ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലായിരുന്നു സതേര്‍ണ് സോജോൺ എന്ന പേരിലുള്ള ആദ്യ സര്‍വീസ് ക്രമീകരിച്ചിരുന്നത്. ഇതില്‍ യാത്രചെയ്യാന്‍ ചുരുക്കം ചിലര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും സര്‍വീസ് നടത്താന്‍ ആവശ്യമായതോതില്‍ യാത്രക്കാരില്ലാതെ വന്നതോടെ ഈ ഷെഡ്യൂള്‍ റദ്ദ് ചെയ്യുകയായിരുന്നു. ജപ്പാനില്‍ നിന്നുള്ള ദമ്പതികള്‍ അടക്കം ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവര്‍ക്കും ടിക്കറ്റ് നിരക്ക് മടക്കി നല്‍കിയതായി സന്ദീപ് ദത്ത അറിയിച്ചു.

എന്നാല്‍ ഇത്തരതത്തില്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് സ്വാഭാവികമാണെന്നാണ് അധികൃതരുടെ വാദം. ഒരു വര്‍ഷത്തില്‍ ശരാശരി 36 മുതല്‍ 37 സര്‍വീസുകള്‍ വരെ നടത്താറുണ്ട്. അതില്‍ യാത്രക്കാര്‍ കുറവുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് സ്വാഭാവികമാണ്. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരെ മറ്റ് പാക്കേജുകളില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അത്തരം ഒരു സാഹചര്യമുണ്ടായില്ലെന്നും സന്ദീപ് ദത്ത പറഞ്ഞു. കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല, 2017 സെപ്തംബറില്‍ ഇതേ ഷെഡ്യൂളുകള്‍ വീണ്ടും ഓപ്പറേറ്റ് ചെയ്യാന്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രകളിലൊന്നായാണ് മഹാരാജാസ് എക്‌സ്പ്രസ് വിലയിരുത്തപ്പെടുന്നത്. എട്ട് പകലും ഏഴ് രാത്രിയുമുള്ള ഒരു ദക്ഷിണേന്ത്യന്‍ ഷെഡ്യൂളിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ആളൊന്നിന് ​അഞ്ച് ലക്ഷം രൂപയാണ്. ദമ്പതികളാണെങ്കില്‍ എട്ട് ലക്ഷത്തിലധികം നല്‍കേണ്ടി വരും. എന്നാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതയി ചില ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. മുഴുനീള യാത്രയില്‍ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി  ഏകദിന പാക്കേജ്, ദമ്പതികള്‍ക്കായി പകുതി നിരക്ക് എന്നിങ്ങനെയായിരുന്നു ഓഫറുകള്‍.

ആഡംബരത്തിന്റെ ആരുഢമായ മഹാരാജ്‌സ് എക്‌സ്പ്രസ്സിന് മുന്നില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പോലും സുല്ലിടും. 20 ഡീലകസ് ക്യാബിനുകള്‍, 18 ജൂനിയര്‍ സ്യൂട്ടുകള്‍, നാല് സ്യൂട്ട് മുറികള്‍, ഒരു പ്രസിഡെന്‍ഷ്യല്‍ സ്യൂട്ട് എന്നിങ്ങനെയാണ് ട്രെയിനിലെ മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവയിലെല്ലാമായി പരമാവധി 88 യാത്രക്കാരെ വഹിക്കാനാകും. ജീവനക്കാര്‍ ഇതിനുപുറമെയാണ്. യാത്രക്കാരുടെ ആവശ്യാനുസരണമുള്ള ഇന്ത്യന്‍, കോണ്ടിനെന്റല്‍ ഭക്ഷണം വിളമ്പുന്ന രണ്ട് ഭക്ഷണശാലകളും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിനുള്ളില്‍ തന്നെ ക്ലബ്ബും, ബാറുമുണ്ട്.

മഹാരാജാസിൽ ആറ് യാത്രകളാണ് പൊതുവായുളളത്. ഇടയ്ക്ക് സീസണൽ ഓഫറുകളും ഉണ്ടാകും. നാല് ദിവസം മുതൽ എട്ട് ദിവസം വരെയുളള യാത്രകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെംസ് ഓഫ് ഇന്ത്യ, ജുവൽസ് ഓഫ് ഇന്ത്യ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ പനോരമ, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ സ്‌പ്ലെൻഡർ എന്നീ പേരുകളിലാണ് യാത്രകൾ.

 ജെംസ് ഓഫ് ഇന്ത്യ
 നാല് ദിവസത്തെ  യാത്ര. ഓരോ ദിവസവും ഓരോ നഗരത്തിൽ. ആദ്യ ദിവസം ഡൽഹി, രണ്ടാം ദിവസം ആഗ്ര, മൂന്നാം ദിവസം റാന്തംബോർ, നാലാം ദിവസം വീണ്ടും ഡൽഹിയിലെത്തി യാത്രയയപ്പ്. സീസൺ ഒക്ടോബർ മുതൽ ഏപ്രിൽവരെ.
ജുവൽസ് ഓഫ് ഇന്ത്യ
 ഏഴ് ദിവസത്തെ യാത്ര. ഞായറാഴ്ച തുടങ്ങുന്ന യാത്ര ശനിയാഴ്ച അവസാനിക്കും. ആഗ്ര, ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ എന്നീ സ്ഥലങ്ങളിലായിരിക്കും യാത്ര.
ട്രഷേഴ്സ് ഓഫ് ഇന്ത്യ
 ഇതും നാല് ദിവസത്തെ യാത്രയാണ്. ആദ്യ ദിവസം ഡൽഹിയും ആഗ്രയും. രണ്ടാം ദിവസം ആഗ്രയും റാന്തംബോറും. മൂന്നാം ദിവസം ജയ്പൂരിൽ. നാലാം ദിവസം തിരികെ ഡൽഹിയിലെത്തി യാത്രയയപ്പ്. സീസൺ ഒക്ടോബർ മുതൽ ഏപ്രിൽവരെ.
ദി ഇന്ത്യൻ പനോരമ
 എട്ട് ദിവസത്തെ യാത്രയാണിത്. ഡൽഹി, ജയ്പൂർ, റാന്തംബോർ, ഫത്തേപൂർ സിക്രി, ആഗ്ര, ഗോളിയാർ, ഖജുറാഹോ, വാരണാസി, ലക്‌നൗ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. സീസൺ ഒക്ടോബർ മുതൽ ഏപ്രിൽവരെ.
ദി ഇന്ത്യൻ സ്‌പ്ലെൻഡർ
എട്ട് ദിവസത്തെ യാത്ര. ഡൽഹി, ആഗ്ര, റാന്തംബോർ, ജയ്പൂർ, ബിക്കേനർ, ജോധ്പൂർ, ഉദയ്പൂർ, ബാലസിനോർ, മുംബൈ എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര. സീസൺ ഒക്ടോബർ മുതൽ ഏപ്രിൽവരെ.
ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ
എട്ട്  ദിവസത്തെ യാത്ര. മുംബ, അജന്ത, ഉദയ്പൂർ, ജോധ്പൂർ, ബിക്കേനർ, ജയ്പൂർ, റാന്തംബോർ, ആഗ്ര, ഡൽഹി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര. സീസൺ ഒക്ടോബർ മുതൽ ഏപ്രിൽവരെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ