കൊച്ചി: ആലുവ പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ള വിതരണം നിര്‍ത്തിയിട്ടില്ലെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അറിയിച്ചു. പ്രതിദിനം 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ആലുവയില്‍ നിന്ന് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. അതായത് മൊത്തം ജല വിതരണത്തില്‍ 20% കുറഞ്ഞിട്ടുണ്ട്. ജല ഉപയോഗത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

ആലുവ, കീഴ്മാട്, ചൂര്‍ണ്ണിക്കര, കളമശേരി, തൃക്കാക്കര, കൊച്ചി കോര്‍പ്പറേഷന്‍, മുളവുകാട്, ഞാറയ്ക്കല്‍, എളങ്കുന്നപ്പുഴ, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് ആലുവയില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നത്. ആലുവയില്‍ നിന്നുള്ള കുടിവെള്ള വിതരണം തടസപെട്ടു എന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആലുവയിലെ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസറുടെ ഓഫീസില്‍ യോഗം ചേര്‍ന്നത്. തുടര്‍ന്ന് ആലുവയിലെ പ്ലാന്റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എറണാകുളം ജില്ലയില്‍ 68 ക്യാമ്പുകള്‍ തുടങ്ങി. 2795 കുടുംബങ്ങളിലെ 9476 പേര്‍ പറവൂര്‍, ആലുവ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലുണ്ട്. പറവൂരിലാണ് കൂടുതല്‍ ക്യാമ്പുകള്‍ – 44.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.