പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ തോല്‍വിയില്‍ തനിക്ക് പങ്കില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. എന്നാല്‍ അപ്രതീക്ഷിതമായി രാജേഷ് പരാജയപ്പെടുകയായിരുന്നു. പാലക്കാടടക്കം കേരളത്തിലെ 20 ല്‍ 19 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും ഇല്ലായിരുന്നുവെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും പികെ ശശി പറയുന്നു. ”എംബി രാജേഷിന്റെ തോല്‍വിക്ക് പിന്നില്‍ എന്റെ കരങ്ങളല്ല. മണ്ണാര്‍ക്കാട് രാജേഷിന് വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് അറിയില്ല” പികെ ശശി പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി കെ ശശി പറഞ്ഞു. അതേസമയം, തന്റെ മണ്ഡലമായ ഷൊര്‍ണൂരില്‍ എംബി രാജേഷിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പക്ഷെ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും ശശി പറഞ്ഞു. പാര്‍ട്ടിക്ക് പാലക്കാട് ശക്തമായ അടിത്തറയുണ്ട്. അപ്രതീക്ഷിത തോല്‍വിയെ കുറിച്ച് പാര്‍ട്ടി വിശദമായി തന്നെ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലമാണ് പാലക്കാട്.രാജേഷ് മൂന്നാം വട്ടവും പാലക്കാടിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തുമെന്ന് തന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ അവസാന ഘട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി വി.കെ ശ്രീകണ്ഠന് ജയം സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ എം.ബി രാജേഷിന് തന്നെയായിരുന്നു മേല്‍ക്കൈയെങ്കിലും വി.കെ ശ്രീകണ്ഠന് പിന്നീട് ലീഡെടുക്കുകയായിരുന്നു.
ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കോങ്ങാടും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു.