കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പദ്ധതിയിൽ രണ്ട് നേതൃത്വവും തമ്മിൽ ഭിന്നതയിലാണെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും പറഞ്ഞു.
പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ഒരേ നിലപാടാണെന്ന് പിബിയിലെ മുതിര്‍ന്ന അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും (എസ്ആർപി) വിശദീകരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും താനും പറയുന്നത് ഒരേ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയാണെന്നും പദ്ധതി നടപ്പാക്കണമെന്നാണ് ആഗ്രഹമെന്നും എസ്ആർപി പറഞ്ഞു. വികസന വിരോധികളായ ചിലരാണ് പദ്ധതിയെ എതിർക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നുണ്ടെന്നും കോൺഗ്രസ് സഖ്യം തീരുമാനിക്കേണ്ട വിഷയമാണെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
Also Read: ലക്ഷ്യം ബിജെപിയുടെ പരാജയം, വിശാല മതേതര സഖ്യമുണ്ടാക്കും: യെച്ചൂരി