തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജൂലൈ 15 ന് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തുമെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ്.പിള്ള അറിയിച്ചു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതിലാണെന്നും കെ.എസ്.ഇ.ബി ചെയര്മാന് പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണം ഉണ്ടായി. എന്നാല്‍, അത് ലോഡ് ഷെഡിങ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഗ്രിഡില്‍ 500 മെഗാവാട്ട് കൂടി കൊണ്ടുവരാന്‍ അനുമതി തരണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. യൂണിറ്റിന് 60 മുതല്‍ 70 പൈസ വരെ ചാര്‍ജ് വര്‍ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ചെയര്മാന് വ്യക്തമാക്കി.
Read Also: കേരളം ജലക്ഷാമത്തിലേക്ക്; സംഭരണികളില്‍ ഉള്ളത് പകുതി വെള്ളം മാത്രം
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് വളരെ കുറവാണെന്ന് കഴിഞ്ഞ ദിവസം ജലമന്ത്രി അറിയിച്ചിരുന്നു. വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നും അതിനാല്‍ ലോഡ് ഷെഡിങ് കൊണ്ടുവരുമെന്നും വൈദ്യുതി മന്ത്രിയും പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് ഒന്നര ആഴ്ചത്തേക്ക് കൂടിയുള്ള വെള്ളം മാത്രമാണെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചത്. മഴ വലിയ തോതില്‍ കുറഞ്ഞതാണ് ജലക്ഷാമം ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഇനിയും മഴ ലഭിക്കാതെ വന്നാല്‍ നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. സാധാരണ നിലയില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ കേരളത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് മണ്‍സൂണ്‍ സാധാരണ രീതിയില്‍ ലഭിക്കാത്തതാണ് ജലക്ഷാമത്തിന് കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണ്‍ മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മണ്‍സൂണ്‍ മഴ സാധാരണ നിലയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തവണ 33 ശതമാനം മഴയാണ് രാജ്യത്ത് കുറഞ്ഞത്. പലയിടത്തും രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നുണ്ട്.