കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ആളെ പിടിക്കുന്ന ജോലി സിപിഎം ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും കുറച്ച്കൂടി കാത്തിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സുധാകരനോട് പറഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.

‘കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യവുമായി സുധാകരന്റെ സത്യാഗ്രഹപന്തലില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായാണ്.’ പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ തന്നെ ബിജെപി പ്രാദേശിക നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും താന്‍ അത് നിരസിച്ചതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കള്‍ ഇത് സംബന്ധിച്ച് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും താന്‍ അത് നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ