തൃശൂര്‍: തൃശൂരിൽ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കണ്ടു നിന്നവരും പ്രതികളാണെന്ന് പിതാവ്. മകളെ രക്ഷിക്കാന്‍ ആരും തയ്യാറായില്ലെന്നും എല്ലാവരും നോക്കി നില്‍ക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ജീത്തുവിന്റെ പിതാവ് പറഞ്ഞു.

”ആരും രക്ഷയ്‌ക്കെത്തിയില്ല. അലറി വിളിച്ചിട്ടും ആരും എത്തിയില്ല. എല്ലാവരും നോക്കി നില്‍ക്കുകയായിരുന്നു. കണ്ടു നിന്നവരും പ്രതികളാണ്. പൊള്ളലേറ്റ മകളെ ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും തയ്യാറായില്ല. പാതി കത്തിയ ശരീരം എടുത്തു കൊണ്ടു പോകാന്‍ പ്രതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു,” ജീത്തുവിന്റെ പിതാവ് പറഞ്ഞു.

തൃശൂര്‍ വെളളിക്കുളങ്ങരയിൽ നാട്ടുകാർ നോക്കിനിൽക്കേയാണ് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നത്. വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവുമായി ഏറെ നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ജീത്തു. കുടുംബശ്രീയില്‍നിന്നും ജീത്തു ഒരു വായ്പയെടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാനായാണ് ഞായറാഴ്ച ജീത്തു പിതാവിനൊപ്പം വെളളിക്കുളങ്ങരയില്‍ എത്തിയത്. ജീത്തു കുടുംബശ്രീയ്ക്ക് വരുന്നുണ്ടെന്ന് അറിഞ്ഞ ഭര്‍ത്താവ് കൊല്ലാന്‍ പദ്ധതിയിട്ട് പുറത്തു കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

കുടുംബശ്രീ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ജീത്തുവിന്റെ ദേഹത്ത് ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഇയാള്‍ പെട്രോള്‍ ഒഴിച്ചതും തീ കൊളുത്തിയതും. നാട്ടുകാര്‍ക്ക് ഒന്നു ചെയ്യാന്‍ കഴിയും മുന്‍പേ തീ ആളി പടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ജീത്തുവിന്റെ അച്ഛനും നോക്കി നില്‍ക്കാനേ കഴിഞ്ഞുളളൂ.

ഗുരുതരമായി പൊളളലേറ്റ ജീത്തുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നോടെ മരണമടഞ്ഞു. ജീത്തുവിനെ തീ കൊളുത്തിയ ശേഷം ഭര്‍ത്താവ് സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു. ഇയാള്‍ക്കായുളള തിരച്ചിലിലാണ് പൊലീസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ