തിരുവനന്തപുരം: വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരും തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നു കൊറോണ വൈറസ് ബാധിച്ച പത്തനംതിട്ട സ്വദേശിയായ യുവാവ്. ഇറ്റലിയിൽനിന്ന് എത്തിയിട്ട് പരിശോധനയ്ക്ക് വിധേയമായില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഇരുപത്തിയഞ്ചുകാരൻ. യുവാവ് ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർക്കാണു രോഗം സ്ഥിരീകരിച്ചത്.

“താനും മാതാപിതാക്കളും ഇറ്റലിയിൽനിന്നാണ് വരുന്നതെന്നും നാല് വർഷത്തിനു ശേഷമാണ് നാട്ടിലെത്തുന്നതെന്നും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ഉദ്യോഗസ്ഥർ തങ്ങളോട് ആവശ്യപ്പെട്ടില്ല. അതിനാലാണു ഞങ്ങൾ പുറത്തേക്കിറങ്ങിയത്. മനഃപൂർവം ആരെങ്കിലും അത്തരം പരിശോധന ഒഴിവാക്കുമോ,” അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Also Read: Covid 19: ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ

തങ്ങൾ വരുമ്പോൾ ഇറ്റലിയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരുന്നു. ഫെബ്രുവരി 29നാണു നാട്ടിലെത്തിയത്. സഹോദരിയും ഭർത്താവുമാണു സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയതെന്നും യുവാവ് പറഞ്ഞു.

നാട്ടിലെത്തിയശേഷം പള്ളിയിലും സിനിമയ്ക്കുമെല്ലാം പോയെന്ന പ്രചരണങ്ങളും ഇ കുടുംബം തള്ളി. “ഞങ്ങൾ ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിലെത്തിയെങ്കിലും പുറത്തിറങ്ങിയില്ല. ക്ഷീണമായതിനാൽ ഞായറാഴ്ച ഞങ്ങൾ പള്ളിയിൽ പോയില്ല. ആ ദിവസമാണ് ഇപ്പോൾ പോസിറ്റീവ് എന്ന് തെളിഞ്ഞ രണ്ടു ബന്ധുക്കൾ ഞങ്ങളെ സന്ദർശിച്ചത്. തിങ്കളാഴ്ച, ഞങ്ങൾ കൊല്ലത്ത് പുനലൂരിലുള്ള എന്റെ അമ്മയുടെ വീട്ടിലേക്കു മാറി… അവിടെ മൂന്നു പേർ ഉണ്ടായിരുന്നു, ഞങ്ങൾ അതേ ദിവസം മടങ്ങി. ചൊവ്വാഴ്ച ഞങ്ങൾ പുറത്തിറങ്ങിയില്ല,” മാർച്ച് ഒന്ന് മുതൽ ആറു വരെയുള്ള കാര്യങ്ങൾ യുവാവ് വിവരിച്ചു.

Also Read: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

ഇറ്റലിയില്‍നിന്ന് പത്തനംതിട്ടയില്‍ എത്തിയ മൂന്നുപേര്‍ക്കും അവരുടെ രണ്ടു ബന്ധുക്കള്‍ക്കുമാണ് ഇന്നലെ രോഗബാധ  സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 39 ആയി. അഞ്ചുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയില്ലെന്നും പറഞ്ഞ ആരോഗ്യ മന്ത്രി കെകെ ശൈലജ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.