കൊച്ചി:  ദേവസ്വം ബോര്‍ഡിലെ ഉന്നത പദവികളിൽ ഹിന്ദുമത വിശ്വാസികളല്ലാത്തവരെ നിയമിക്കുന്നതായ വാർത്ത വ്യാജ പ്രചാരണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ.  ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി വരുത്തി  ഹിന്ദുവല്ലാത്തയാളെ ഉന്നത പദവികളില്‍ നിയമിക്കാന്‍ തീരുമാനിച്ചെന്ന വാർത്തയാണ് പ്രചരിച്ചത്.

സർക്കാർ ഉത്തരവെന്ന പേരിലായിരുന്നു വ്യാജപ്രചാരണം.   നാട്ടിലാകെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ ഭാഗവും മന്ത്രി ഫെയ്‌സ്ബുക്കിലെ പേജിൽ പ്രസിദ്ധീകരിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങളുടെ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാരം. അവരുടെ നിയന്ത്രണത്തിലുള്ള ഒരു ചാനല്‍ അവരുടെ വാര്‍ത്തയില്‍ തട്ടിവിട്ടത് അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നായിരുന്നു. തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോർഡില്‍‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. ആ പുതിയ വകുപ്പില്‍ പറയുന്നതിങ്ങനെ – കമ്മീഷണറുടെ നിയമനം – സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി, സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ്. നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ മേല്‍പറഞ്ഞ ഭാഗം ഇതിനൊപ്പം ചേര്‍ക്കുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ‍ നിയമനടപടി സ്വീകരിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ