കോഴിക്കോട്: നിപ്പ വൈറസ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഏഴു പേർ ആശുപത്രി വിട്ടു. ഇനി സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത് 23 പേരാണ്. അതിനിടെ, കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ രക്ത സാംപിളുകൾ പരിശോധിച്ചതിൽനിന്നുമാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

കോട്ടയം കടുത്തുരുത്തിയില്‍ വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയായ 57 കാരനെയാണ് നിപ്പ വൈറസ് സംശയിച്ച് ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കോട്ടയം സ്വദേശിനിയേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും രക്ത, സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, നിപ്പ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളാണോയെന്ന് ഇന്നറിയാം. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്ത സാംപിളുകളുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. നിപ്പ വൈറസ് ബാധിച്ച് മരിച്ച കുടുംബത്തിന്റെ വീടിനു സമീപത്തുനിന്നു പിടികൂടിയ വവ്വാലുകളുടെ രക്തവും സ്രവവുമാണ് ഭോപ്പാലിലെ പ്രത്യേക ലാബിലേക്ക് അയച്ചത്. ഇതിനു പുറമേ സമീപ പ്രദേശങ്ങളിലെ പശുക്കളുടേയും പന്നികളുടേയും രക്തസാംപിളുകളും പരിശോധനക്കായി അയച്ചിരുന്നു.

നിപ്പ വൈറസ് ബാധിച്ച് ഇതുവരെ 12 പേരാണ് മരിച്ചത്. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് ഇന്നലെ മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.