പേരാമ്പ്ര: നിപ്പ വൈറസ് ബാധക്ക് കാരണമായത് ചങ്ങരോത്ത് പിടിച്ച പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ ലാബില്‍ നിന്നുളള പരിശോധനാ ഫലമാണ് പുറത്തുവന്നത്. പഴംതീനി വവ്വാലുകളില്‍ നിന്ന് സ്വീകരിച്ച 13 സാംപിളുകളും നെഗറ്റീവാണ്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്‍റെ രക്തസാംപിളും ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതും നെഗറ്റീവാണ്.

ചങ്ങരോത്തിനടുത്തുളള ജാനകിക്കാട്ടില്‍ നിന്നായിരുന്നു സാംപിള്‍ ശേഖരിച്ചത്. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് (എന്‍ഐഎച്ച്ഡി )ലാണ് പരിശോധന നടത്തിയത്. എന്നാല്‍ ഏതെങ്കിലും വവ്വാലിനെ പിടിച്ചു ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് ആയത് കൊണ്ട് അത് തെളിയുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത് ശാസത്രീയമായി പഠിക്കേണ്ട ഒരു വിഷയമാണ്. ഈ രോഗാവസ്ഥ പൂർണമായി മാറിയ ശേഷം വവ്വാൽ വിദഗ്ദ്ധൻമാരോടും വൈറോളജിസ്റ്റുകളോടും കൂടിയാലോചിച്ഛ് വിശദമായ ഒരു പഠനം നടത്തുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൊല്ലരുത്; വവ്വാൽ ഭീകരജീവിയില്ല, ഉപകാരിയാണ്, വവ്വാലുകളെ കുറിച്ചും വൈറസ് വാഹകരെ കുറിച്ചും അറിയേണ്ട കാര്യങ്ങൾ

മൂന്നുപേർ മരിച്ച വളച്ചുകെട്ടി മൂസയുടെ വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് പിടിച്ച വവ്വാലിനെ പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പഴംതീനി വവ്വാലുകളുടെ സാംപിൾ എടുത്ത് പരിശോധനക്കയച്ചിരുന്നത്. ബുധനാഴ്‌ച പുലര്‍ച്ചെയാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്‍കുബേറ്ററിലാക്കിയാണ് എത്തിച്ചത്. എറണാകുളത്തു നിന്ന് കൊണ്ടു വന്ന ഡ്രൈ ഐസ് നിറച്ച ഇന്‍ക്യുബേറ്ററിലാക്കി വവ്വാലിനെ ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ