കോഴിക്കോട്: കേരളം പതിയെ നിപ്പ ഭീതിയില്‍ നിന്നും മുക്തമാവുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും പുതിയ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കപ്പെടാതെ വന്നതോടെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ആശ്വാസത്തിലാണ്.

ഇന്നലെ 18 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചിരുന്നു. മുഴുവനും നെഗറ്റീവായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിത അറിയിച്ചു. അതേസമയം. അഞ്ച് പേരെ നിപ്പ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതടക്കം ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 24 പേരാണ്.

ആരോഗ്യവകുപ്പിന്റെ സമ്പര്‍ക്ക പട്ടികയില്‍ 2377 പേരാണുള്ളത്. ഇതുവരെ 240 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 222 എണ്ണവും നെഗറ്റീവായിരുന്നു. നാല് ദിവസമായി നിപ്പ മൂലം മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതും വലിയ ആശ്വാസമാണ് ജനങ്ങള്‍ക്ക് പകരുന്നത്.

എന്നാല്‍ നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ഇപ്പോഴും ആശങ്ക നിലനിര്‍ത്തുന്നതാണ്. നേരത്തെ കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലുകളുടേയും പഴം തിന്നുന്ന വവ്വാലുകളുടേയും സാമ്പിളുകള്‍ അയച്ചപ്പോള്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നാലെ മുയലുകളുടെ സാമ്പിളും അയച്ചിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് തന്നെയായിരുന്നു.

അതേസമയം, രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്നാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് ഡല്‍ഹി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയ് കിരണ്‍ വ്യക്തമാക്കി. സൂപ്പിക്കടയില്‍ മരിച്ച സഹോദരങ്ങളുടെ വീട്ടിലെ മുയലുകളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമോളജിയിലെ ഡോ. എ.പി. സുഗുണന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.