/indian-express-malayalam/media/media_files/uploads/2020/04/corona-virus.jpg)
കൽപ്പറ്റ: ജില്ലയിൽ കോവിഡ്-19 ചികിത്സയിലുണ്ടായിരുന്ന മൂന്നാമത്തെ രോഗിയുടെ ഫലവും നെഗറ്റീവ് ആയി. ഇതോടെ വയനാട് ജില്ല കോവിഡ് മുക്തമായി. മൂപ്പൈനാട് നെടുങ്കരണ സ്വദേശിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇദ്ദേഹം മാർച്ച് 22ന് അബുദാബിയിൽ നിന്നെത്തിയ ആളാണ്. 30നു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 28 ദിവസമായി വയനാട്ടിൽ പുതിയ കേസുകൾ ഇല്ല എന്നതും ആശ്വാസ വാർത്തയാണ്. കോവിഡ് മുക്തമായെങ്കിലും ജില്ലയിൽ അതീവ ജാഗ്രത തുടരും. നിയന്ത്രണങ്ങളിൽ ഇളവില്ല.
അതേസമയം, സംസ്ഥാനത്ത് മേയ് മൂന്ന് വരെ ഗ്രീൻ സോൺ ഇല്ല. മേയ് മൂന്ന് വരെ നിയന്ത്രണങ്ങൾ തുടരും. നിലവിൽ റെഡ്, ഓറഞ്ച് സോണുകളാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഗ്രീൻ സോണിലായിരുന്ന ഇടുക്കി, കോട്ടയം ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റിയിരുന്നു. ഇടുക്കിയും കോട്ടയവും അടക്കം സംസ്ഥാനത്തെ പത്ത് ജില്ലകളാണ് ഓറഞ്ച് സോണിൽ. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണിൽ തുടരും.
Read Also: കേരളത്തിൽ ഏപ്രിൽ 29 വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും
സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരും കാസർഗോഡ് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ ഫലം ഇന്നു നെഗറ്റീവ് ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആണ്.
കാസർഗോഡ് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേർക്കാണു രോഗം ബാധിച്ചത്. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21,725 പേർ നിരീക്ഷണത്തിലുണ്ട്. 21,243 പേർ വീടുകളിലാണ്. 452 പേർ ആശുപത്രിയിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us