കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാതകളുടെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാരണങ്ങളുടെ പേരിൽ അനാവശ്യമായി ദേശീയപാത സ്ഥലമേറ്റെടുക്കലിൽ ഇടപെടില്ലന്നും കോടതി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു.
ദേശീയപാത വികസനത്തിന്റെ അലൈന്മെന്റ് ചോദ്യം ചെയ്ത് കൊല്ലം ഉമയനല്ലൂർ സ്വദേശി ബാലകൃഷ്ണപിള്ളയും മറ്റും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. പൊതുതാല്‍പ്പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയപാതകൾ നാടിന്റെ വികസനത്തിന് അത്യാവശ്യമാണ്. മികച്ച റോഡുകൾ ഉൽപ്പാദനക്ഷമതയും ലാഭക്ഷമതയും വർധിപ്പിക്കും. പൗരന്മാര്ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. നാടിന്റെ വികസനം ലക്ഷ്യമാവുമ്പോൾ ചെറിയ നഷ്ടങ്ങൾ സഹിക്കാൻ പൗരൻമാർ തയാറാവണം.
ഭുമി വിട്ടുകൊടുക്കുന്നവർക്ക് അർഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനും രാജ്യത്ത് നിയമമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സ്ഥലമെടുപ്പിനുള്ള സംസ്ഥാന സർക്കാരിൻ്റെ മാർഗനിർദേശങ്ങൾ ദേശീയപാത അധികൃതർ പാലിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
Also read: കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി