തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മാധ്യമങ്ങള്‍ക്കെതിരെ കായികമായ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കപ്പെടണം. എതിരഭിപ്രായം പറയുന്നതിന്റെ പേരില്‍ മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതിനോട് യോജിപ്പില്ല. ഏകാധിപതികളെല്ലാം അഭിപ്രായങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. മലയാള മാധ്യമങ്ങള്‍ ലോകമാധ്യമങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. മലയാള മാധ്യമങ്ങളില്‍ താരതമ്യേന കളവ് കുറവാണ്. മാധ്യമങ്ങളും വ്യവസായത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ലാഭത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത കുറയും. മുഖ പ്രസംഗങ്ങളിലല്ലാതെ, സാമൂഹ്യ പ്രതിബദ്ധതയുള്ള എത്ര മാധ്യമങ്ങളുണ്ടെന്ന് ചിന്തിക്കണം. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് വിശ്വാസ്യത കുറവാണ്. അവിടെ വാര്‍ത്ത വന്ന് പോകുന്നു. സത്യം മാത്രം എഴുതിയാല്‍ പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ കുറയുന്നു. അതുകൊണ്ടുത്തന്നെ വാര്‍ത്തകളിലെ സത്യത്തിന്റെ അളവ് ചുരുങ്ങുകയാണ്. എരിതീയില്‍ എണ്ണ ഒഴിക്കലല്ല, ജനങ്ങള്‍ക്ക് മുന്നില്‍ സത്യം അവതരിപ്പിക്കുകയാണ് മാധ്യമങ്ങളുടെ ചുമതല.

ദൃശ്യമാധ്യമങ്ങളിലെ ചില വാര്‍ത്താ അവതാരകര്‍ ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയങ്ങളിലും വിചാരണ നടത്തുകയാണ്. ചര്‍ച്ചകള്‍ക്കായി വിളിച്ചുകൊണ്ടുവരുന്ന അതിഥികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ അവതാരകര്‍ ബഹളം വെക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഓര്‍മിക്കണം. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുകയും അവര്‍ കുറച്ചുസംസാരിക്കുകയുമാണ് വേണ്ടത്. നിലവാരമില്ലാതെ വൈകാരികമായി പ്രതികരിക്കുകയാണ് ചിലര്‍. ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് മിടുക്കരെന്നാണ് ഇവര്‍ കരുതുന്നത്. ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നത് അവധാനതയോടെ ആകണം. അല്ലാതെ അടുത്ത സെക്കന്റില്‍ വാര്‍ത്ത പിന്‍വലിക്കാന്‍ ഇടവരുത്തരുത്. ബ്രേക്കിങ് ന്യൂസുകള്‍ വസ്തുതാപരമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചുവെന്ന വാര്‍ത്ത സുധാകരന്‍ നിഷേധിച്ചു. ക്യാബിനറ്റില്‍ താന്‍ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതു തെറ്റാണ്. തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല ക്യാബിനറ്റ്. മുഖ്യമന്ത്രി ഉന്നയിക്കുന്ന അജണ്ടകളിലല്ലാതെ ഒരു വിഷയത്തിലും താന്‍ ചര്‍ച്ച നടത്താറില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത നല്‍കിയവര്‍ തെറ്റായി പറഞ്ഞുകൊടുത്തതാകും. വാര്‍ത്ത തരുന്നവരെ അന്ധമായി വിശ്വസിച്ചാല്‍ അത് വാര്‍ത്തയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. ഒട്ടേറെ രഹസ്യങ്ങള്‍ തനിക്ക് അറിയാം. അതൊന്നും ആരോടും പറയാറില്ല. ഒരു പത്രക്കാരനോടും രഹസ്യങ്ങള്‍ പറഞ്ഞിട്ടില്ല. അതാണ് തന്റെ വിശ്വാസ്യതയെന്നും സുധാകരന്‍ പറഞ്ഞു.

ദേശീയമാധ്യമ ദിനത്തോട് അനുബന്ധിച്ച് ‘വര്‍ത്തമാനകാല ഭരണകൂടവും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായിരുന്നു സെക്രട്ടറി ആര്‍. കിരണ്‍ബാബു, ട്രഷറര്‍ പ്രിന്‍സ് പാങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.