തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതിനാൽ അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം (റെഡ് അലർട്ട്) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതോടെ അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക.

ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. ജലനിരപ്പ് 2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ് (റെഡ് അലർട്ട്) നല്‍കിയശേഷം ഡാം തുറക്കാനാണ് ആലോചന. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

റെഡ് അലർട്ട് നൽകുന്നതിനൊപ്പം പെരിയാറിന്റെ തീരത്ത് അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുക. അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.