/indian-express-malayalam/media/media_files/uploads/2017/02/medicine.jpg)
കൊച്ചി: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ഗുളികകളുടെ കരുതൽ ശേഖരത്തിനായി സർക്കാർ ശ്രമം തുടങ്ങി. ഇതിനു സഹായകരമായ രീതിയില്‍ പ്രമുഖര്‍ ഉള്‍പ്പടെ നവ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.
"അത്യാവശ്യമായി ഡോക്‌സിസൈക്ലിൻ ഗുളികകൾ ആവശ്യമായി വന്നിരിക്കുന്നു. മരുന്നുകൾ ഡോ.ആർഎസ് ഗോപകുമാർ, ഹെൽത്ത് ഓഫീസർ, കോഴിക്കോട് കോർപ്പറേഷൻ, ബീച്ച് റോഡ് കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം," എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സിനിമാ രംഗത്ത് നിന്നും അഞ്ജലി മേനോന്‍, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യര്‍ ഈ വിവരം പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് കുറിപ്പുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇവരെ കൂടാതെ മറ്റു മേഖലകളില്‍ നിന്നുള്ളവരും സജീവമായി ഈ അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്നുണ്ട്.
പ്രളയം കേരളത്തെ പിടിച്ചുകുലുക്കിയത് മുതൽ പലപ്പോഴായി സംവിധായികയായ അഞ്ജലി മേനോൻ ഡോ. ആർഎസ് ഗോപകുമാറിനെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് നിരവധി വസ്തുക്കൾ ലഭിച്ചിട്ടുളളതായി ഗോപകുമാർ പറഞ്ഞു. "ഇന്നലെ(ഞായറാഴ്ച) രാവിലെയാണ് അഞ്ജലി മേനോൻ വിളിച്ചത്. എന്തെങ്കിലും ആവശ്യമുണ്ടോ എന്നായിരുന്നു ചോദ്യം. ഡോക്സിസൈക്ലിൻ ഗുളിക ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ ഞങ്ങളുടെ പക്കൽ നാല് ലക്ഷം ഗുളികകളാണ് ഉളളത്. ഇത് വരും ദിവസങ്ങളിൽ കൂടുതലായി വേണ്ടിവരും. അങ്ങിനെയെങ്കിൽ ഒരാഴ്ചയ്‌ക്കുളളിൽ 10-15 ലക്ഷം ഗുളികകൾ വേണ്ടിവരും. ഇതാണവർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്," ഡോ ആർ എസ് ഗോപകുമാർ പറഞ്ഞു.
"നിലവിൽ മരുന്നിന് ക്ഷാമമില്ല. കരുതൽ ശേഖരമാണ് ഉദ്ദേശിക്കുന്നത്. മരുന്ന് വരും ദിവസങ്ങളിൽ കൂടുതൽ ആവശ്യം വരും എന്നാണ് കരുതുന്നത്," കോഴിക്കോട് ഡിഎംഒ ഡോ ജയശ്രീ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
പോസ്റ്റ് ഷെയർ ചെയ്യപ്പെട്ട ശേഷം ഏതാണ്ട് ഒരു ലക്ഷത്തോളം ഗുളികകൾ അയച്ചു തരാമെന്ന് രണ്ടു പേർ വാഗ്‌ദദാനം ചെയ്തതായി ഡോ.ഗോപകുമാർ പറഞ്ഞു.
"എന്റെ പക്കൽ 25,000 ഗുളികകളുണ്ട്. ഡിഎംഒയുടെ പക്കൽ 1.5 ലക്ഷത്തോളം ഉണ്ട്. ആശുപത്രികളിലും മറ്റുമായി 2.25 ലക്ഷം വേറെയും ശേഖരമുണ്ട്. ഭയക്കേണ്ട സാഹചര്യം ഇപ്പോഴില്ല. പക്ഷെ അങ്ങിനെയൊരു സാഹചര്യം ഒഴിവാക്കാനാണ് ഗുളികകൾ ശേഖരിക്കാൻ ശ്രമം നടത്തുന്നത്," അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിലും മരുന്നിന് ക്ഷാമമില്ലെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ എആർഎംഒ ഡോ മുഹമ്മദ് ഹനീഷ് പറഞ്ഞു.
"ആവശ്യത്തിനുളള മരുന്നുകൾ ഇപ്പോൾ ആശുപത്രിയിൽ ശേഖരിച്ചിട്ടുണ്ട്. എവിടെയെങ്കിലും ക്ഷാമം ഉണ്ടായാൽ നൽകാൻ സാധിക്കും. എന്നാൽ അധികമായി ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മരുന്നു കമ്പനികളുടെ പക്കലും ക്ഷാമത്തിന്റെ സാധ്യതയാണ് കാണുന്നത്. മരുന്ന് ശേഖരിക്കാനുളള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്." എന്നാൽ ഭയക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us