/indian-express-malayalam/media/media_files/uploads/2017/11/adoor.jpg)
പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയില്‍ സ്‌കോളര്‍ ഇന്‍ ക്യാമ്പസ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അടൂര്‍. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ത്ഥികളുടെ ഫിലിം ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സെന്‍സറിങ് യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ല. സിനിമക്കാരുടെ സംരക്ഷണത്തിനായിട്ടാണ് സെന്‍സര്‍ ബോര്‍ഡിന് രൂപം കൊടുത്തത്. സെന്‍സറിങ് കഴിഞ്ഞ സിനിമ കാണിക്കാതെ കോടതിയില്‍ പോകുന്നതും കോടതി പറഞ്ഞിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണെന്ന് എസ് ദുര്‍ഗ്ഗ എന്ന ചിത്രം സംബന്ധിച്ച വിവാദത്തെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. എസ്. ദുര്‍ഗ്ഗ താന്‍ കണ്ട ചിത്രമാണെന്നും ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
സ്വന്തം പ്രകടനത്തെയല്ലാതെ കലാകാരന്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ടതില്ല. കലാകാരന്‍മാര്‍ പ്രതികരണശേഷിയുള്ളവരാകണമെന്ന് ചലച്ചിത്രനടന്‍ അലന്‍സിയറുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേവലം അഭിനേതാവ് മാത്രമല്ല, സമൂഹത്തിന്റെ ഭാഗം കൂടിയാണ് നടന്‍.
നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണ്. എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ട്. നടീനടന്‍മാരുടെ ശരീരഭാഷ കഥാപാത്രത്തിന് അനുയോജ്യമാകണം.
പ്രേക്ഷകരെ എത്രമാത്രം വിഡ്ഢിയാക്കാമോ അത്രമാത്രം പണം വാരാം എന്ന നിലയിലേക്ക് സിനിമ എത്തിയിരിക്കുന്നു. സിനിമാവാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആയി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ വായനക്കാര്‍ തെറ്റിദ്ധരിക്കുന്നു. ബാഹുബലിയുടെ 'കട്ടപ്പ' പരസ്യം തെറ്റിദ്ധാരണാപരമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണചെലവിനേക്കാള്‍ പബ്ലിസിറ്റിക്ക് ചെലവാകും. സിനിമാ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ സാധ്യമല്ല. നിയമം കൊണ്ട് വഴിവിട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയില്ല.
അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങളുടേയും ഡിജിറ്റല്‍ പ്രിന്റ് ലഭ്യമാക്കി മീഡിയ അക്കാദമിയില്‍ സ്ഥിരമായി പ്രദര്‍ശനത്തിന് വേദിയൊരുക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആര്‍. എസ്. ബാബു പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണനെ അക്കാദമി ചെയര്‍മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മാധ്യമ വിദ്യാര്‍ത്ഥി രാജേഷ് വരച്ച അടൂരിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് ജേണലിസം കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി അംഗം കെ. ഹേമലത, ടെലിവിഷന്‍ ജേര്‍ണലിസം ഫാക്കല്‍റ്റി അംഗം കെ. അജിത് എന്നിവര്‍ സംസാരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.