തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിന്‍വലിച്ച 2000 രൂപയുടെ നോട്ടുമാറാനുള്ള നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). നോട്ടുമാറുന്നതിനായി പ്രത്യേക ഫോം ആവശ്യമില്ലെന്നും തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റാവുന്നതാണ്.
20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകളാണ് ഓരേ സമയം നിക്ഷേപിക്കാനൊ മാറ്റിയെടുക്കാനൊ സാധിക്കുക. ആര്‍ബിഐയുടെ പ്രാദേശിക ഓഫിസുകളിലും മേയ് 23 മുതല്‍ മാറ്റിവാങ്ങാവുന്നതാണ്. ഇതിനായി ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല. ഏത് ബാങ്ക് ശാഖയില്‍ നിന്നും മാറ്റാവുന്നതാണ്.
നോട്ട് മാറ്റി വാങ്ങാനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനൊ നിക്ഷേപിക്കാനൊ സമയം അനുവദിച്ചിരിക്കുന്നത്.