ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ അരി നല്‍കാനാവില്ലെന്ന് കേന്ദ്രം. വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിച്ചു നല്‍കാനാവില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ നിയമം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂവെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ എ.പി.എല്‍-ബി.പി.എല്‍ വിഭജനം ഇല്ലാതായി. അധിക ഭക്ഷ്യധാന്യം നല്‍കാനാകില്ലെന്ന് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടിയ വിലക്ക് കേന്ദ്രപൂളില്‍ കൂടിയ നിരക്കില്‍ കേരളത്തിന് അരി വാങ്ങാം എന്നതു മാത്രമേ നിലവിലെ സാഹചര്യത്തില്‍ സാധ്യമാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ലക്ഷം മെട്രിക് ടണ്‍ അരിയുടെ കുറവാണ് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയത് മുതല്‍ സംസ്ഥാനത്തുണ്ടായത്. ഇത് പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം തള്ളിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ