കൊച്ചി: കൊച്ചി മെട്രോക്കുള്ളിലേക്ക് മുകളിൽനിന്ന് വെള്ളം ചോർന്നത് നവമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ട്രെയിനിനുള്ളിലേക്ക് വെള്ളം വീണത്. മഴ വെള്ളം മെട്രോക്ക് ഉള്ളിലേക്ക് വീണതാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ വിചാരിച്ചത്. ട്രെയിനിലുണ്ടായിരുന്നവരാണ് മൊബൈലിലാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കോടികൾ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തീകരിച്ച കൊച്ചി മെട്രോയും ചോരുന്നു എന്ന കുറിപ്പോടെ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം പ്രചരിച്ചു.
എന്നാൽ ചോർച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആർഎൽ രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിനിൽ മഴയെ തുടർന്ന് ചോർച്ചയുണ്ടായിട്ടില്ലെന്നും എസി വെന്റിൽ നിന്നുമുണ്ടായ വെള്ളമാണിതെന്നും അധികൃതർ അറിയിച്ചു. എയർ കണ്ടീഷണറിനിന്നും പുറത്തേക്കു പോകേണ്ട വെള്ളം ചില സാങ്കേതിക പ്രശ്നം കാരണം തിരികെ വന്നതാണ് ചോർച്ചയെന്ന പേരിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതൊരു ചെറിയ പ്രശ്നമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാതാക്കളോട് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു.
പുതിയ ട്രെയിനുകളിൽ ഈ പ്രശ്നം ആവർത്തിക്കാതിരിക്കാൻ എസി പൈപ് മാറ്റും. ചോർച്ചയുണ്ടായെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.