കൊച്ചി: അറബിക്കടലിൽ ഉരുത്തിരിഞ്ഞ ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരിക്കുകയാണ്. ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ജലനിരപ്പിനെ അടിസ്ഥാനപ്പെടുത്തി പല അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് മാത്രം ഒരു പ്രളയം അതിജീവിച്ച കേരളം സുരക്ഷ മുൻകരുതലെന്നോണമാണ് ഈ നടപടികൾ കൈക്കൊണ്ടത്.

എന്നാൽ ഇതിനിടയിലും വ്യാജപ്രചാരണങ്ങൾക്ക് യാതൊരു കുറവുമില്ല.പ്രളയം ശക്തമായി കേരളത്തെ ബുദ്ധിമുട്ടിലാക്കിയ ഘട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നുവെന്ന നിലയിലാണ് വ്യാജപ്രചാരണം വാട്‌സ്ആപ്പിലൂടെ പരന്നത് തെല്ലൊന്നുമല്ല ജനങ്ങളെ ആശങ്കയിലാക്കിയത്.

ഇക്കുറിയും വ്യാജവാർത്തകളെ ചെറുക്കേണ്ട അധികപ്പണിയാണ് സർക്കാർ സംവിധാനങ്ങൾക്ക്. കേരളത്തിലുടനീളം വൈദ്യുതി ബന്ധം നിലയ്ക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജപ്രചാരണം മാത്രമാണെന്ന വിശദീകരിച്ച് കെഎസ്ഇബിയും രംഗത്തെത്തി.

ഫെയ്‌സ്ബുക്കിൽ കെഎസ്ഇബിയുടെ ഔദ്യോഗിക പേജിലാണ് കെഎസ്ഇബി ഇക്കാര്യം വിശദീകരിച്ചത്. “സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമാണ് ഈ പ്രചാരണം” എന്നാണ് പോസ്റ്റിൽ പറയുന്നത്.

അതിശക്തമായ മഴയാണ് അടുത്ത 48 മണിക്കൂർ സംസ്ഥാനത്തെ വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴയുടെ പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.