തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ ഒരു അന്വേഷണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജനെതിരെയും അന്വേഷണമില്ല. കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ലെന്നും എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങൾ ഇത്തരത്തിൽ കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പി.കെ.ശശിക്കെതിരെ അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ശശിക്കെതിരായ പരാതി. മണ്ണാർക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതിയും ഉയർന്നിരുന്നു.
സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,കോടി 49 ലക്ഷം രൂപ പാർട്ടി അറിയാതെ ഓഹരിയായി സമാഹരിച്ചെന്നും പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്നും പാർട്ടിക്കു മുന്നിൽ പരാതി എത്തിയിരുന്നു.