തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണമില്ല. ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം വേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം
വിവാദത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചെന്നാണ് സൂചന. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി. ജയരാജന്‍ തയ്യാറായില്ല. വിവാദങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ എന്നായിരുന്നു ഇ.പിയുടെ മറുപടി.
പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്നതിനാലാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്. അതേസമയം, മുന്‍വ്യവസായമന്ത്രിയെന്ന നിലയില്‍ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനു പരാതി നല്‍കി.