കൊച്ചി: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനപകടകേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേയില്ല.സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു.ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയക്കും.
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം ഇതിനായി തേടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
രൂക്ഷമായ ഭാഷയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്ന് കോടതി. ഗവര്‍ണറുടെ വസതിയടക്കമുള്ള റോഡില്‍ സിസി ടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചു.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ വാദിച്ചതു. ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അത് കൊണ്ടു തന്നെ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികള്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പൊലീസ് അറിയാതെയാണ് ശ്രീറാം കിംസിലേക്ക് പോയതെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് രക്ത പരിശോധന നടത്താന്‍ വൈകിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയ കസില്‍ ജാമ്യം നല്‍കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി കോടതി ജാമ്യം അനുവദിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു.
അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചത് അന്വേഷണത്തെക്കുറിച്ച് മുന്‍വിധിയുണ്ടാകാന്‍ കാരണമാവുമെന്നും കുറ്റാരോപിതന്‍ ഉന്നത സ്വാധിനമുള്ള ആളാന്നും അപകടം ഉണ്ടായ ഉടന്‍ പൊലിസിനെ തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു .