തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ.മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിയമ തടസമില്ല. വട്ടിയൂര്‍ക്കാവിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതി ഉപതിരഞ്ഞെടുപ്പിന് തടസമാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

Read Also: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്ന കെ.മുരളീധരന്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരം കൃത്യമായി നല്‍കിയിരുന്നില്ല എന്ന് കാണിച്ചാണ് അന്നത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ കോടതിയെ സമീപിച്ചത്. ഈ കേസ് ഉപതിരഞ്ഞെടുപ്പിന് തടസമാകില്ലെന്ന് നിയമോപദേശം ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

Read Also: കേരളത്തില്‍ ആറിടത്ത് ഉപതിരഞ്ഞെടുപ്പ്

അതേസമയം, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തിന് കാരണം.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്

കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച എംഎല്‍എമാര്‍ നാല് പേരാണ്. ഇവര്‍ നാല് പേര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് കൂടാതെ നിയമസഭാ സമാജികർ അന്തരിച്ച രണ്ട് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കം. ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളില്‍ നിന്നായി ഒന്‍പത് എംഎല്‍എമാരാണ് മത്സരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫില്‍ നിന്ന് ആറ് എംഎല്‍എമാരും. അതില്‍ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് എംപിമാരായിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനാൽ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്ന പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ആണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.