കാസര്‍ഗോഡ്‌: താമസിക്കാന്‍ ആവശ്യമായ ഹോസ്റ്റല്‍ സൗകര്യമില്ല. ലൈബ്രറിയിലും ക്യാംപസിലും അഭയാര്‍ത്ഥികളായി കാസര്‍ഗോഡ്‌ കേന്ദ്രസർവകലാശാലയിലെ വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ സൗകാര്യമോ കാര്യമായ മുന്‍ കരുതലുകളോ ഒന്നുമില്ലാതെ ഈ വർഷം നടത്തിയ സീറ്റ് വർധനവാണ് വിദ്യാര്‍ഥി പ്രതിഷേധത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. മതിയായ താമസ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇന്നലെ മുതല്‍ ക്യാംപസിലെ വിദ്യാര്‍ഥിനികൾ താമസിക്കുന്നത് ലൈബ്രറിയിലും അക്കാദമിക് ബ്ലോക്കുകളിലുമാണ്.  ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത ആണ്‍കുട്ടികളും ഇതേരീതിയിൽ ക്യാംപസ് കയ്യേറാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലൈബ്രറി കയ്യേറിയ വിദ്യാര്‍ഥിനികള്‍

2016-17 അധ്യയനവര്‍ഷത്തിലാണ് ഇപ്പോള്‍ ഉള്ള ഹോസ്റ്റലുകളുടെ നിര്‍മാണ പ്രവര്‍ത്തനം തീരുന്നതും ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും താമസസൗകാര്യം ഒരുങ്ങുന്നതും. ഇതിനുപിന്നാലെ തന്നെ 2017-18 അധ്യയനവര്‍ഷത്തില്‍ സീറ്റു വര്‍ദ്ധിപ്പിക്കുവാൻ സർവകലാശാല തീരുമാനിച്ചതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് വഴിവെച്ചിരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. “കഴിഞ്ഞവര്‍ഷം 26 വിദ്യാര്‍ഥികള്‍ ആണ് ഓരോ വകുപ്പിലും ഉണ്ടായിരുന്നത്. ഈ വര്‍ഷം അത് 40 ആയി ഉയര്‍ത്തി. എന്നാല്‍ അതിനാവശ്യമായ മുന്‍കരുതലുകള്‍ ഒന്നും എടുത്തതുമില്ല.” പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ റുക്സാന പറഞ്ഞു.

ഈ വര്‍ഷം വിദ്യാര്‍ഥികള്‍ അധികമായി വന്നതോടെ പുറത്ത് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്ന് സർവകലാശാല അധികൃതര്‍ അറിയിച്ചു. ഇതിനുപുറമെ രണ്ടു പേര്‍ക്ക് താമസിക്കാനായി ക്രമീകരിച്ചിരിക്കുന്ന ഹോസ്റ്റല്‍ മുറികളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ധാരണയാകുകയാണ് എങ്കില്‍ മൂന്നാമതോരാളെ കൂടി പാര്‍പ്പിക്കാനും മാനേജ്മെന്റ് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ “വിദ്യാര്‍ഥികള്‍ പലരും പരസ്പര ധാരണയിലെത്തിയത് കൊണ്ട് മാത്രം അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കാന്‍ സാധിച്ചു.” ഒന്നാംവര്‍ഷ വിദ്യാര്‍ഥി അന്നപൂര്‍ണി പറഞ്ഞു.

എന്നാല്‍ കേരളത്തിലെ മറ്റുജില്ലകളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ഇപ്പോഴും താമസ സൗകര്യം ലഭ്യമായിട്ടില്ല. ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി പട്ടികവകുപ്പിലും ന്യൂനപക്ഷവിഭാഗങ്ങളില്‍ പെടുന്നവരും അടങ്ങും. “44 വിദ്യാര്‍ഥിനികളാണ് ഇപ്പോള്‍ പുറത്ത് ഒരുക്കിയിട്ടുള്ള ഹോസ്റ്റലുകളില്‍ താമസിക്കുന്നത്. 40 ഓളം പേര്‍ ഹോസ്റ്റല്‍ സൗകര്യം പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും പുറത്തെ ഹോസ്റ്റല്‍ മുതലാവില്ല. അധികൃതരോട് അത് സൂചിപ്പിച്ചപ്പോള്‍ ‘പറ്റില്ലായെങ്കില്‍ ടിസി വാങ്ങി പൊയ്ക്കോളൂ എന്നാണു അധികൃതര്‍ പറഞ്ഞത്. ” ഒരു വിദ്യാര്‍ഥി ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.

കാസര്‍ഗോഡ്‌ പെരിയ പോലുള്ളൊരു സ്ഥലത്ത് ഹോസ്റ്റല്‍ സൗകര്യമോ അപാര്‍ട്മെന്‍റുകള്‍ ഹോസ്റ്റലായി സജ്ജീകരിക്കലോ അത്ര എളുപ്പമല്ല. ഈ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കാതെ എങ്ങനെയാണ് സർവകലാശാല കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും തങ്ങള്‍ക്ക് താമസിക്കാനൊരിടം ലഭിക്കാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ പറയുന്നു.

മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ക്ക് പരാതി സമര്‍പ്പിക്കുന്ന കാസര്‍ഗോഡ്‌ എംപി പി കരുണാകരനും കണ്ണൂര്‍ എംപി പികെ ശ്രീമതി

അതിനിടയില്‍, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പുവരുത്തണം എന്ന് മാനവവിഭവശേഷി മന്ത്രാലയം സർവകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം എംപി പി.കരുണാകരനും കണ്ണൂര്‍ എംപി പി.കെ.ശ്രീമതിയും ഇത് സംബന്ധിച്ച പ്രശ്നം ഉടനടി പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദിനു കത്ത് നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, കേന്ദ്രസർവകലാശാലയിലെ പ്രശ്നങ്ങള്‍ ഹോസ്റ്റലില്‍ മാത്രം ഒതുങ്ങുന്നതല്ലായെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. “സർവകലാശാലയില്‍ ആവശ്യത്തിനുള്ള ക്ലാസ് മുറികളോ ലാബ് സൗകര്യങ്ങളോ പോലും ഇല്ല. ” വിദ്യാര്‍ഥികളുടെ പരാതി അവസാനിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ