ന്യൂഡല്‍ഹി: ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസർകോട് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.

എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റിൽ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപനും അറിയിച്ചു.

Read More: ‘മോദി സ്തുതി’; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം യുപിഎ അധ്യക്ഷയും പാർലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയുമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

നിങ്ങളോരോരുത്തരും പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.

Read More: ‘നിങ്ങള്‍ പോരാടുന്നത് ഭരണഘടനയ്ക്ക് വേണ്ടി’; ഒടുവില്‍ ആത്മവിശ്വാസത്തോടെ രാഹുല്‍ മിണ്ടി

ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളം. പോരാട്ടം തുടരണം. നിറത്തിന്റെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവ് ഇല്ലാതെ ഭരണഘടനയ്ക്ക് വേണ്ടി ഉറച്ച് പോരാടുകയാണ് വേണ്ടതെന്ന് രാഹുല്‍ പാർട്ടി നേതാക്കളെ ഓര്‍മ്മിപ്പിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നേക്കാം. എങ്കിലും പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനും ഉള്ള സമയമാണ് ഇതെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

യുപിഎ അധ്യക്ഷയും റായ്ബറേലി മണ്ഡലത്തിലെ എംപിയുമായ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിങാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. നേരത്തെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയാണ് കൈകാര്യം ചെയ്തിരുന്നത്. എല്ലാ എംപിമാരും ഒറ്റക്കെട്ടായി സോണിയയെ പിന്തുണച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.