ഹൈദരാബാദ്: ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ ‘അഡാറ് ലൗ’ താരം പ്രിയ വാര്യര്‍ക്കും ഗാന രചയിതാവിനുമെതിരെ തത്കാലം കേസ് എടുക്കില്ലെന്ന് പൊലീസ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടിക്കെതിരെ പരാതി നല്‍കിയത്. ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതി നല്‍കി. എന്നാല്‍ തെളിവുകളൊന്നും പരാതിക്കാര്‍ ഹാജരാക്കിയില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഫലക്നനാമാ എസിപി സയിദ് ഫായിസ് അറിയിച്ചു. വീഡിയോ തെളിവ് ഹാജരാക്കിയാല്‍ നടപടി എടുക്കാമെന്ന് പരാതിക്കാരോട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം.

ഹാപ്പി വെഡ്ഡിങ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലൗവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.