കൊച്ചി: ലൈഫ്മിഷൻ കേസിൽ സിബിഐക്ക് തിരിച്ചടി. രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്ത കേസ് നേരത്തെ കേൾക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. കേസ് നേരത്തെ കേൾക്കണമെന്നാവശ്യപ്പെട്ട സിബിഐ, എന്തു കൊണ്ട് നേരത്തെ കേൾക്കണമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാതെയാണ് ഹർജിയിൽ സമ്മർദവുമായി എത്തിയത്.

സത്യവാങ്മൂലം സമർപ്പിക്കാതെയാണോ നേരത്തെ കേൾക്കണമെന്നാവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. ഡിപ്പാർട്ട്മെന്റ് കാര്യം ആയതു കൊണ്ടാണ് വൈകുന്നതെന്ന് സിബിഐ അറിയിച്ചു. സിബിഐ തെറ്റൊന്നും കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലം തയ്യാറാക്കാൻ സമയം വേണമെന്നും ബോധിപ്പിച്ചു.

Read More: ഹൈക്കോടതി വിധി ലൈഫ് മിഷനെതിരെ ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി

സർക്കാരിനെ താർ അടിച്ചു കാണിക്കലാണ് സിബിഐ യുടെ ലക്ഷ്യമെന്നും അതിനാണ് ഹർജിയുമായി വന്നതെന്നും ലൈഫ് മിഷൻ സിഇഒ ആരോപിച്ചു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഈ ഹർജിയെന്നും സിഇഒ കുറ്റപ്പെടുത്തി. ഹർജി തള്ളിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വേണമെങ്കിൽ പിന്നീട് പുതിയ ഹർജി സമർപ്പിച്ചുകൊള്ളാൻ നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേരാൻ ഉള്ള മറ്റൊരു കോടതി ഹർജി തൽകാലം അനുവദിച്ചില്ല.

വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ ലൈഫ്മിഷനെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയ കോടതി സിഇഒക്കെതിരായ കേസ് സ്റ്റേ ചെയ്യുകയായിരുന്നു. നിർമാണ കമ്പനിയായ യുണിടാക്കിനെതിരെ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് കേസ് നേരത്തെ കേൾക്കണമെന്ന ആവശ്യവുമായി സിബിഐ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook