കോഴിക്കോട്: മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തേണ്ടതുണ്ട്. കേന്ദ്ര സർക്കാർ മാർഗ്ഗ നിർദേശം പരിശോധിച്ച് മദ്യശാലകൾ തുറക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ബാറുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര മാർഗ്ഗ നിർദേശത്തിൽ ബാറുകളെക്കുറിച്ച് പരാമർശിക്കുന്നില്ല. അതിനാൽ ബാറുകൾ അടഞ്ഞു തന്നെ കിടക്കും. ബാറുകളിൽനിന്ന് പാഴ്സൽ നൽകുന്ന കാര്യത്തിലും മദ്യം ഓൺലൈൻ വഴി വിൽക്കുന്നത് സംബന്ധിച്ചും സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, സംസ്ഥാനത്തെ പല ബിവറേജസ് ഔട്ട്‌ലെറ്റുകളും അണുവിമുക്തമാക്കി തുടങ്ങിയിട്ടുണ്ട്. മേയ് മൂന്നിനുശേഷം എപ്പോൾ വേണമെങ്കിലും മദ്യ വിൽപ്പന ശാലകൾ തുറന്നേക്കുമെന്നാണ് സൂചന.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാഗ്ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കുന്നു.

Read Also: ലോക്ക്ഡൗൺ: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങളും ഇളവുകളും

പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാർഗ്ഗരേഖയില്‍ പറയുന്നു. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കടയില്‍ സാധനം വാങ്ങാനെത്തുന്ന ആളുകള്‍ തമ്മില്‍ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

കേരളവും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ മദ്യ വിൽപ്പന ശാലകൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ വരെ ചെയ്ത സാഹചര്യം കൂടി പരിഗണിച്ചായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.