/indian-express-malayalam/media/media_files/uploads/2020/04/corona-9.jpg)
തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസ ദിവസം. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ്-19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് 9 പേർ രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു..
21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാംപിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാംപിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാംപിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാംപിളുകളും ലാബുകള്‍ പുനഃപരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അതേസമയം, ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 130 ജില്ലകളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുളളത്. 284 ജില്ലകൾ ഓറഞ്ച് സോണിലും 319 ജില്ലകൾ ഗ്രീൻ സോണിലുമാണ്. കേരളത്തിൽ വയനാടും എറണാകുളവുമാണ് ഗ്രീൻ സോൺ പട്ടികയിൽ ഉള്ളത്. കോട്ടയവും കണ്ണൂരും റെഡ് സോണിലാണ്. മറ്റു ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.
Read Also: കേരളത്തിന് ആശ്വാസ ദിനം; പുതിയ ഒരു കോവിഡ്-19 കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് 17 വരെ നീട്ടി. മേയ് 3 ന് രണ്ടാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്കു കൂടി കേന്ദ്രസർക്കാർ നീട്ടിയത്. അതേസമയം, റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണിൽ കടുത്ത നിയന്ത്രണം തുടരുമെങ്കിലും ചില ഇളവുകളും ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.