കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണ സംഘത്തെ കുഴക്കി സുനിയുടെ മൊഴികൾ. കൃത്യമായി പരിശീലനം നേടി മനപ്പാഠമാക്കിയ കാര്യങ്ങൾ സുനി ആവർത്തിച്ച് പറയുകയാണെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.

നടിയെ തട്ടിക്കൊണ്ടു പോയതും ദൃശ്യങ്ങൾ പകർത്തിയതും വ്യക്തി വൈരാഗ്യം  മൂലമാണെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ കാരണമെന്തെന്ന് ഇയാൾ പറഞ്ഞില്ല. ദൃശ്യങ്ങൾ കാണിച്ച് 80 ലക്ഷം രൂപയെങ്കിലും വാങ്ങാനാണ് ലക്ഷ്യമിട്ടത്. താരപദവിക്കുണ്ടാകുന്ന മാനക്കേട് ഭയന്ന് ഒന്നും പുറത്ത് പറയില്ലെന്ന് കരുതിയതായി ഇയാൾ പൊലീസിന് മൊഴി നൽകി.

“നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് താൻ ഒറ്റയ്ക്കാണ്. രണ്ടര മാസം ഇതിന് സമയമെടുത്തു. നടിയെ സ്ഥിരമായി ലൊക്കേഷനിലേക്കും തിരിച്ചും കാറിൽ കൊണ്ടുപോയ താൻ മനപ്പൂർവ്വമാണ് വെള്ളിയാഴ്ച ജോലിയിൽ നിന്ന് മാറിയത്. നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും കൂട്ടുപ്രതികളുമായി കൃത്യം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വിശദമായി സംസാരിച്ചു.”

“ഹണിബീ 2 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ അവധി നൽകിയപ്പോൾ താൻ തന്നെയാണ് പുതിയ ഡ്രൈവറെ ഏർപ്പെടുത്താമെന്ന് പറഞ്ഞത്.  മാർട്ടിനെ ഏർപ്പെടുത്തിയ ശേഷം പദ്ധതി മുൻപ് ആസൂത്രണം ചെയ്ത രീതിയിൽ നടപ്പിലാക്കി. എന്നാൽ നടി പരാതിപ്പെടുമെന്ന് കരുതിയില്ലെന്നും ഇയാൾ പറഞ്ഞു.”

“പണം തട്ടിയെടുത്ത ശേഷം കാമുകിയുമായി ജീവിക്കാനായിരുന്നു ആഗ്രഹം. ദൃശ്യങ്ങൾ ഉടൻ തന്നെ കൈമാറുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെല്ലാം ശരിയാണെന്നും ഇയാൾ പറഞ്ഞു.”

എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനപ്പെടുത്തി പ്രതിയെ അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ചതാണ് ഇതെല്ലാമെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികളുടെ മൊഴികൾ ബന്ധപ്പെടുത്തി ഇന്ന് രാവിലെ വീണ്ടും സുനിയെ ചോദ്യം ചെയ്യും.  അങ്കമാലി കോടതി ജഡ്ജിക്ക് മുന്നിൽ വൈകിട്ട് പ്രതിയെ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ആവശ്യപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.