തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഹുല്‍ നേരത്തേ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അപ്പോഴും കേരള നേതൃത്വത്തോട് തങ്ങളുടെ നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകാന്‍ അനുവദിച്ചിരുന്നു. അത് രാഹുല്‍ ഗാന്ധിയുടെ മഹത്വമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി. എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നത് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെപിസിസി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.