കോഴിക്കോട്: നവീകരണം പൂര്‍ത്തിയായി റണ്‍വേ തുറന്നിട്ടും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നില്ല. ഒന്നര വര്‍ഷം മുന്‍പ് ഭാഗികമായി അടച്ചിട്ട വിമാനത്താവള റണ്‍വേ മുഴുവന്‍ സമയ സര്‍വീസിനായി കഴിഞ്ഞ ദിവസം പൂര്‍ണമായും തുറന്നു. നവീകരണപ്രവൃത്തി നടക്കുന്ന കാലത്ത് ചെറുവിമാനങ്ങളുടെ രാത്രികാല വിമാന സര്‍വീസ് മാത്രമാണു കരിപ്പൂരില്‍നിന്നുണ്ടായത്.
കരിപ്പൂരില്‍ 2860 മീറ്റര്‍ റണ്‍വേയാണു പ്രവര്‍ത്തന സജ്ജമായത്. എന്നാല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. അപകടസാധ്യത കൂടുതലുള്ള ടേബിള്‍ ടോപ്പ് റണ്‍വേ വിഭാഗത്തിലുള്ള രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നാണു കരിപ്പൂര്‍. റണ്‍വേയുടെ നീളവും വീതിയും കൂട്ടിയാല്‍ മാത്രമേ കോഡ് ഇ വിഭാഗത്തിലെ വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി നല്‍കൂയെന്ന നിലപാടിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലപാട്. സുരക്ഷാ കാരണങ്ങളാലാണ് ഇത്. ഇത് കൊണ്ട് തന്നെ കരിപ്പൂരിന്റെ സ്വപ്നം എന്ന് പറന്നുയരും എന്ന് പറയാനാകില്ല.
നിരന്തരം വിള്ളലുകളുണ്ടായതിനെത്തുടര്‍ന്ന് ബലപ്പെടുത്തല്‍ പ്രവൃത്തിക്കായി 2015 മേയ് ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെ എട്ടുമാസം ഭാഗികമായി അടച്ച് റണ്‍വേ ബലപ്പെടുത്തുമെന്നും തുടര്‍ന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ നവീകരണ പ്രവൃത്തി ആരംഭിച്ചത്. തുടര്‍ന്നു 16 മണിക്കൂര്‍ സര്‍വീസാണു കരിപ്പൂരില്‍നിന്നുണ്ടായിരുന്നത്. പിന്നീട് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡി.ജി.സി.എയുടെ അനുമതിക്കുശേഷമെന്ന നിലപാടിലേക്കുമെത്തി വ്യോമയാന വകുപ്പ്. കരിപ്പൂരിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ലക്‌നോ, ഔറംഗബാദ്, വരാണസി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നതാണു വസ്തുത.

2006 ഫെബ്രുവരി 12ന് രാജ്യാന്തര പദവി നേടിയതോടെയാണു കരിപ്പൂര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി മാറിയത്. 2014-15 വര്‍ഷത്തില്‍ 25.83 ലക്ഷംപേരാണു കരിപ്പൂര്‍ വഴി യാത്രചെയ്തത്. വലിയ വിമാനസര്‍വീസുകള്‍ക്കു വിലക്കു വന്നതോടെ 2015-16 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം 23.05 ആയി കുറഞ്ഞു. ചരക്കുകയറ്റുമതിയിലും കുറവ് പ്രകടമായി. പ്രതാപകാലത്ത് രാജ്യാന്തര യാത്രക്കാരുടെ കണക്കില്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമായിരുന്നു കരിപ്പൂര്‍. മൊത്തം യാത്രക്കാരുടെ കണക്കെടുത്താല്‍ ഒമ്പതാമത്തേതും.
വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് കാരണം ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രം എന്ന പദവിയും കരിപ്പൂരിനു നഷ്ടമാക്കി. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍നിന്നായിരുന്നു കേരളത്തിലെ ഹജ് സര്‍വീസ്. ഇത്തവണയും സ്ഥിതിയില്‍ മാറ്റമില്ലെന്നാണു കേന്ദ്ര വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടു മുതലാണ് ഇത്തവണത്തെ ഹജ് സര്‍വീസ്.
റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂരില്‍നിന്നു വിലക്കിയ ബോയിങ് 747 വിമാനമാണു കേരള ഹജ് കമ്മിറ്റിക്കു ഹജ് സര്‍വീസിന് അനുവദിച്ചത്. അതേസമയം, ഡി കാറ്റഗറിയിലുള്ള ചെറിയ വിമാനങ്ങളാണു കരിപ്പൂരില്‍നിന്നു നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇത്തരം വിമാനങ്ങള്‍ക്കു ഹജ് സര്‍വീസിനു കേരളത്തിന് അനുമതി ലഭിച്ചാല്‍ കരിപ്പൂരിനെ ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി നിലനിര്‍ത്താം. ലക്‌നൗ, വരാണസി, ഔറംഗാബാദ് ഉള്‍പ്പെടെ ചെറിയ വിമാനത്താവളങ്ങളില്‍ ഹജ് സര്‍വീസിനു ഡി കാറ്റഗറിയിലുള്ള വിമാനങ്ങള്‍ക്കു ഹജ് സര്‍വീസിന് അനുമതിയുണ്ട്.
കേരളത്തില്‍നിന്നുള്ള ഹജ് തീര്‍ഥാടകരില്‍ 83 ശതമാനത്തിലധികം പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവര്‍ക്കു യാത്രയ്ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലം കരിപ്പൂരാണ്.

വലിയ വിമാനങ്ങളുടെ വിലക്കിനെത്തുടര്‍ന്നു പ്രതിസന്ധിയിലായ കരിപ്പൂരിന് അനന്തവികസന സാധ്യതകളുമായി ഒരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളവും തിരിച്ചടിയാകും. കൊച്ചി മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന കിയാല്‍ വിമാനത്താവളത്തില്‍നിന്ന് സപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്നാണു പ്രതീക്ഷ. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടങ്ങളുടെയും പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഡി.ജി.സി.എയുടെ ലൈസന്‍സ് നേടി സര്‍വീസ് ആരംഭിക്കാനാണു കിയാല്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ 3050 മീറ്റര്‍ റണ്‍വേയാണു കണ്ണൂര്‍ വിമാനത്താവളത്തിലുണ്ടാകുക. ബോയിങ് 777-300 ഇ.ആര്‍, ബോയിങ് 747-400 ഉള്‍പ്പെടെയുളള വലിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാവും. രണ്ടാംഘട്ടത്തില്‍ റണ്‍വേ നീളം നാലായിരം മീറ്ററായി വര്‍ധിക്കും. ലോകത്തെ നിരവധി വ്യോമയാന കമ്പനികള്‍ കണ്ണൂരില്‍നിന്നു സര്‍വീസിനു താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. അതിനിടെ റണ്‍വേ വികസനത്തിനു സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തി അനശ്ചിതമായ പശ്ചാത്തലത്തില്‍ കരിപ്പൂരിന്റെ വികസനം വഴിമുട്ടിയ സാഹചര്യത്തില്‍ പുതിയ വിമാനത്താവളം വേണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. കോഴിക്കോട് കേന്ദ്രമായുള്ള മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സിലാണ് ഇതിനു പിന്നില്‍. കോഴിക്കോട് തിരുവമ്പാടിയില്‍ സ്ഥലലഭ്യതയും അനുകൂല സാഹചര്യവും ചൂണ്ടിക്കാട്ടിയാണു കൗണ്‍സിലിന്റെ പ്രചാരണം. ഈ ആവശ്യവുമായി സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. പദ്ധതിയില്‍ 10 പ്രമുഖ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞതായാണു കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.
60 കോടി രൂപ ചെലവില്‍ നടത്തിയ കരിപ്പൂരിലെ റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തിയുടെ അവസാനഘട്ടം ഒരാഴ്ച മുന്‍പാണു പൂര്‍ത്തിയാത്. വൈദ്യുതീകരണ പ്രവൃത്തികളും ഇതോടൊപ്പം പൂര്‍ത്തിയായി. തുടര്‍ന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) സംഘം സൂക്ഷ്മപരിശോധന നടത്തിയശേഷമാണു 24 മണിക്കൂര്‍ വിമാന സര്‍വീസിനുള്ള അനുമതി ലഭിച്ചത്.
നവീകരണപ്രവൃത്തിയുടെ ഭാഗമായി രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാനുള്ള അത്യാധുനിക ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റം (ഐ.എല്‍.എസും) പ്രവര്‍ത്തന സജ്ജമാക്കി കഴിഞ്ഞു. ലാന്‍ഡിംഗ് സമയത്ത് വിമാനം റണ്‍വേയില്‍ സ്പര്‍ശിക്കേണ്ട ഭാഗം കാണിക്കുന്ന പ്രകാശ സംവിധാനവും റണ്‍വേയില്‍ സ്ഥാപിച്ചിട്ടുണ്ട്.
സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ ജംബോ, എമിറേറ്റ്‌സ് എന്നീ വലിയ വിമാനങ്ങള്‍ കരിപ്പൂരിലെ സര്‍വീസ് അവസാനിപ്പിച്ചതിനെത്തുടര്‍ന്നു യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കരിപ്പൂരിനു വന്‍ തിരിച്ചടിയാണു നല്‍കിയത്.
നിലവില്‍ 10 വിമാന കമ്പനികള്‍ ദിവസം 21 മുതല്‍ 25 വരെ സര്‍വീസാണു കരിപ്പൂരില്‍ നടത്തുന്നത്. 29 മുതല്‍ സമ്മര്‍ ഷെഡ്യൂള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് നേരിയ പ്രതീക്ഷ നല്‍കുന്നതാണ്. അതിനിടെ കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാന്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജനപ്രതിനിധികളും നേതാക്കളും കഴിഞ്ഞയാഴ്ച വിമാനത്താവളത്തിനു മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ