തിരുവനന്തപുരം: തൃശൂർ ജില്ലയിലെ നാളത്തെ ഹർത്താലിന് മാറ്റമില്ല. ഉത്രാളിക്കാവ് പൂരത്തിന് വെടിക്കെട്ട് നടത്താൻ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഹർത്താലിനു മാറ്റമില്ലെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചത്. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്.

തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ മുൻവർഷത്തപ്പോലെ നടത്താൻ മന്ത്രിസഭ ഇന്ന് അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ മന്ത്രി വി.എസ്.സുനിൽ കുമാറിന്റ നിർദേശ പ്രകാരം തൃശൂർ ജില്ലാ കലക്ടറുമായും എഡിഎമ്മുമായും ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. എന്നാൽ ചർച്ച പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ കമ്മിറ്റി തീരുമാനിച്ചത്.

ജില്ലയിലെ പ്രശസ്തമായ ഉൽസവങ്ങളിലൊന്നാണ് ഉത്രാളിക്കാവ് പൂരം. ഉൽസവ കൊടിയേറ്റിന്റെ ഭാഗമായി നടത്താറുളള വെടിക്കെട്ടിനാണ് അനുമതി ലഭിക്കാത്തത്. ഇതേത്തുടർന്നാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.