തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അൺ എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂർത്തിയാകും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനം പൂർത്തിയാകും. എസ്എസ്എൽസി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചുവെന്നും. 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. കുട്ടികളിൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമല്ല. കുട്ടികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ സർക്കാർ ഇന്നലെ തീരുമാനം എടുത്തിരുന്നു. ഈ മാസം 21 മുതൽ ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
Read More: സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം, ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം