തിരുവനന്തപുരം: ശബരിമലയിലേക്ക് തീർത്ഥാടകരെ ആകർഷിക്കാൻ ഇതര സംസ്ഥാനങ്ങളിലടക്കം വീഡിയോ പരസ്യം നൽകാനുളള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. പരസ്യമായ വിമർശനം പല കോണുകളിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
സിനിമ താരങ്ങളെ ഉൾപ്പെടുത്തിയാണ് ശബരിമലയിൽ പരസ്യം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. അതേസമയം ശബരിമലയിലേക്ക് ഭക്തരെ ആകർഷിക്കാൻ പത്രങ്ങളിൽ ദേവസ്വം ബോർഡ് പരസ്യം നൽകും. ശബരിമലയിലേക്ക് കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്. ഇതാണ് പരസ്യം നൽകാമെന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോർഡിനെ എത്തിച്ചത്.
ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.